ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ നിന്ന് ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഒഴിവാക്കിയതിനെ പിന്തുണച്ച് മുന്‍ സിലക്ടര്‍ ശരണ്‍ദീപ് സിങ്. ബോളെറിയാന്‍ കഴിയാത്ത സാഹചര്യമാണെങ്കില്‍ ഏകദിന-ട്വന്റി 20 ടീമിലും ഹാര്‍ദിക്കിനെ പരിഗണിക്കാന്‍ സാധിക്കില്ലെന്നും ശരണ്‍ദീപ് വ്യക്തമാക്കി.
2019ല്‍ പരുക്കിനെ തുടര്‍ന്ന് ഹാര്‍ദിക് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. പിന്നീട് സ്ഥിരമായി പന്തെറിയാന്‍ താരത്തിന് സാധിച്ചിരുന്നില്ല. ഇതാണ് ഓള്‍ റൗണ്ടര്‍ എന്ന നിലയില്‍ ടീമില്‍ തുടരുന്ന ഹാര്‍ദിക്കിന് തിരിച്ചടിയായത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ നിന്ന് പൃത്വി ഷാ ഒഴിവാക്കപ്പെട്ടതില്‍ ശരണ്‍ദീപ് ആശ്ചര്യം പ്രകടിപ്പിച്ചു.
“ഹാര്‍ദിക്കിനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കിയത് മനസിലാക്കാവുന്ന കാര്യമാണ്. സര്‍ജറിക്ക് ശേഷം അയാള്‍ക്ക് സ്ഥിരമായി പന്തെറിയാന്‍ സാധിക്കുന്നില്ല. ഏകദിനത്തില്‍ 10 ഉം ട്വന്റി 20 യില്‍ നാല് ഓവറുകളും എറിയാന്‍ കഴിഞ്ഞെങ്കിലെ അദ്ദേഹത്തിന് ടീമില്‍ തുടരാനാകു. ഒരു ബാറ്റ്സ്മാനായി മാത്രം ടീമില്‍ കളിക്കാന്‍ സാധിക്കില്ല,” ശരണ്‍ദീപ് പറഞ്ഞു.
Also Read: പെപ്പ് ഗ്വാർഡിയോളയുടെ കവിത
“ഹാര്‍ദിക്ക് പന്തെറിയാതിരിക്കുമ്പോള്‍ ടീമിന്റെ സന്തുലിതാവസ്ഥ ഇല്ലാതാകുന്ന. ഈ പശ്ചാത്തലത്തില്‍ ഒരു ബോളറെ ടീമില്‍ കൂടുതലായി ഉള്‍പ്പെടുത്തേണ്ടി വരും. ഇത് സൂര്യകുമാര്‍ യാദവിനെ പോലുള്ള കളിക്കാര്‍ക്ക് അവസരം നഷ്ടപ്പെടുന്നതിന് കാരണമാകും. ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും എതിരായി കളിച്ചപോലെ അഞ്ച് ബോളര്‍മാരെ ടീമിലുള്‍പ്പെടുത്താന്‍ നമുക്ക് സാധിക്കില്ല,” ശരണ്‍ദീപ് കൂട്ടിച്ചേര്‍ത്തു.
“നിലവില്‍ വാഷിങ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവിന്ദ്ര ജഡേജ എന്നിവരുണ്ട് ഓള്‍ റൗണ്ടര്‍മാരായി. ശാര്‍ദൂല്‍ ഠാക്കൂറിനും ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന താരമാണ്, ശാര്‍ദൂല്‍ അത് പലതവണ തെളിയിക്കുകയും ചെയ്തു. ഹാര്‍ദിക്ക് ബോളെറിയാന്‍ സാധിക്കില്ല എങ്കില്‍ ഇവര്‍ക്കെല്ലാം അതിന് കഴിയും,” ശര്‍ണ്‍ദീപ് പറഞ്ഞു.
27 കാരനായ ഹാര്‍ദിക്ക് പാണ്ഡ്യ 2016 ലാണ് ഇന്ത്യക്കായി അരങ്ങേറിയത്. 2017 ല്‍ ടെസ്റ്റ് ടീമിലും ഇടം കണ്ടെത്തി. മൂന്ന് ഫോര്‍മാറ്റിലുമായി 2,273 റണ്‍സ് നേടി. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായാണ് താരം കളിക്കുന്നത്.
The post ‘പന്തെറിയാന്‍ സാധിക്കില്ലെങ്കില്‍ ഹാര്‍ദിക്ക് ഏകദിന-ട്വന്റി 20 ടീമുകളില്‍ തുടരാന്‍ യോഗ്യനല്ല’ appeared first on Indian Express Malayalam.