കണ്ണൂര് > കെ ആര് ഗൗരിയമ്മ മുഖ്യമന്ത്രിയാകാത്തതു സംബന്ധിച്ച് ചില കേന്ദ്രങ്ങളുണ്ടാക്കിയ അനാവശ്യ വിവാദം മലയാളികളുടെ പ്രിയ നേതാവ് ഇ കെ നായനാരെ അധിക്ഷേപിക്കുന്നതായെന്ന് സിപിഐ കേന്ദ്ര കണ്ട്രോള് കമീഷന് ചെയര്മാന് പന്ന്യന് രവീന്ദ്രന്. കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള ഗൗരിയമ്മയുടെ പ്രാപ്തിയെക്കുറിച്ച് ആര്ക്കും തര്ക്കമുണ്ടാകാനിടയില്ല. അവര് മുഖ്യമന്ത്രിയായിക്കാണാന് നമ്മളെല്ലാം ആഗ്രഹിച്ചതുമാണ്. എന്നാല് അതിന്റെ പേരില് നായനാരെ പോലൊരു ഉന്നതശീര്ഷനായ നേതാവിനെ അധിക്ഷേപിക്കാനുള്ള ശ്രമം തീര്ത്തും നിര്ഭാഗ്യകരവും അപലപനീയവുമാണെന്നും അദ്ദേഹം ദേശാഭിമാനിയോടു പറഞ്ഞു.
‘1987ല് തെരഞ്ഞെടുപ്പില് മത്സരിക്കാത്ത ഇ കെ നായനാരെ ഇ എം എസ് തിരുവനന്തപുരത്ത് വിളിച്ചുവരുത്തി മുഖ്യമന്ത്രി സ്ഥാനം ഏല്പ്പിച്ചുവെന്നാണ്’ കഴിഞ്ഞദിവസം പ്രമുഖപത്രം വാര്ത്തനല്കിയത്. ചില ദൃശ്യമാധ്യമങ്ങളിലും സമാന നിലയില് വാര്ത്ത വന്നു. ’87ല് നായനാര് തെരഞ്ഞെടുപ്പില് മത്സരിച്ചിരുന്നുവെന്ന് പലരും ചൂണ്ടിക്കാട്ടിയതുകൊണ്ടാകാം 1987 അല്ല, 1996 ആണെന്ന് പത്രം തിരുത്തി. വര്ഷം സംബന്ധിച്ച വസ്തുതാപരമായ പിശക് മാത്രമാണോ വാര്ത്തയില്? അതില് പറഞ്ഞ മറ്റെല്ലാം വസ്തുതകളാണോ?
മലയാളികളുടെ രാഷ്ട്രീയ പ്രബുദ്ധതയെയും ചരിത്രബോധത്തെയും പരിഹസിക്കാന് തുനിയരുത്. ഇ എം എസിന് എന്തോ പ്രത്യേക താല്പര്യം തോന്നിയതുകൊണ്ടാണ് നായനാര് കേരളത്തിന്റെ മുഖ്യമന്ത്രിയായതെന്നു പറയുന്നതിനുപിന്നില് അജ്ഞതയോ കടുത്ത കമ്യൂണിസ്റ്റ് വിരോധമോ ആകാം. രണ്ടായാലും നായനാരാണ് ഇവിടെ ആക്ഷേപിക്കപ്പെടുന്നത്.
കേരളം കണ്ട മഹാരഥന്മാരായ കമ്യൂണിസ്റ്റ് നേതാക്കളിലൊരാളാണ് നായനാര്. ദീര്ഘകാലം സിപിഐ എം സംസ്ഥാന സെക്രട്ടറിയും ഒരുതവണ മുഖ്യമന്ത്രിയും തുടര്ന്ന് അഞ്ചു വര്ഷം പ്രതിപക്ഷ നേതാവുമായ ശേഷമാണ് നായനാര് ’87ല് വീണ്ടും മുഖ്യമന്ത്രി സ്ഥാനത്തേക്കു പരിഗണിക്കപ്പെടുന്നത്. മുഖ്യമന്ത്രിയാകാനുള്ള അദ്ദേഹത്തിന്റെ പ്രാപ്തി കുറച്ചുകാണരുത്. ജനമനസ്സുകളില് ഇത്രയും ആഴത്തില് ഇടംനേടിയ നേതാക്കള് കേരളത്തില് അധികമില്ല.
1987ലെ തെരഞ്ഞെടുപ്പു ദിവസം ചീമേനിയില് കോണ്ഗ്രസുകാര് നടത്തിയ കൂട്ടക്കൊലയറിഞ്ഞ് നായനാര് അവിടേക്കു പോയപ്പോള് ഞാനുമുണ്ടായിരുന്നു. പാര്ടി ഓഫീസിലിരുന്ന് വോട്ടിന്റെ കണക്കുകള് പരിശോധിക്കുകയായിരുന്ന നിരപരാധികളെയാണ് കോണ്ഗ്രസ് ക്രിമിനല് സംഘം കൂട്ടക്കൊല ചെയ്തത്. വെട്ടിയും കുത്തിയും തീയിട്ട് ചുട്ടും കൊലപ്പെടുത്തിയ ഹൃദയഭേദക കാഴ്ച. പിറ്റേന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില് പോസ്റ്റ്മോര്ട്ടം കഴിഞ്ഞ് ഏറ്റുവാങ്ങിയ അഞ്ചു മൃതദേഹങ്ങള് കണ്ട് പൊട്ടിക്കരഞ്ഞ നായനാരുടെ രൂപം ഇന്നും മനസ്സിലുണ്ട്.
അന്നു വൈകിട്ട് തിരുവനന്തപുരത്തേക്കു തിരിച്ച ഞങ്ങള് കോഴിക്കോട്ട് എത്തിയപ്പോഴാണ് സംസ്ഥാനത്ത് എല്ഡിഎഫിന് ഭൂരിപക്ഷം ലഭിച്ചതറിയുന്നത്. അപ്പോഴും നായനാരുടെ മുഖത്ത് സന്തോഷമല്ല, അഞ്ചു സഖാക്കള് അതിക്രൂരമായി കൊലചെയ്യപ്പെട്ടതിന്റെ നടുക്കമായിരുന്നു. അധികാരത്തിനും സ്ഥാനമാനങ്ങള്ക്കുമപ്പുറം ജനങ്ങളായിരുന്നു നായനാര്ക്ക് എല്ലാം. അങ്ങനെയൊരു നേതാവിനെ നിന്ദിക്കരുത്–പന്ന്യന് പറഞ്ഞു.