ഗിന്നസ് വേൾഡ് റെക്കോർഡ് നേടുന്നവരിൽ പലരും ലോകത്തിൽ ആർക്കും ഇനി ചെയ്‌യാനാവാത്ത് കാര്യങ്ങൾ ചെയ്താണ് റെക്കോർഡ് നേടുന്നത്. അത്തരത്തിൽ വ്യത്യസ്തമായ റെക്കോർഡാണ് ഈ ഞെട്ടിക്കുന്ന ഡയറ്റിലൂടെ മൈക്കേൽ ലോട്ടിറ്റോ നേടിയത്. മറ്റൊന്നുമല്ല ലോകത്ത് തിന്നാൻ കൊള്ളാത്ത എല്ലാ സാധനങ്ങളും മൈക്കൽ ശാപ്പിടും. ഇരുമ്പ്, ഗ്ലാസ് തുടങ്ങിയവ.
മോൺസ്യുർ മാംഗെറ്റൗട്ട് എന്നറിയപ്പെടുന്ന മൈക്കൽ ഒമ്പത് വയസ്സുമുതൽ കഴിക്കുന്നത് ഇവയൊക്കെയാണ്. ഫ്രാൻസിലെ ഏറ്റവും പ്രസിദ്ധരായ ഗ്യാസ്ട്രോഎൻഡമോളജിസ്റ്റുകളെല്ലാം മൈക്കലിന്റെ ദഹനവ്യവസ്ഥയെ പറ്റി വിശദമായ പഠനം തന്നെ നടത്തിയിട്ടുണ്ട്. ഒരു ദിവസം 900 ഗ്രാം വരെ ലോഹപദാർത്ഥങ്ങൾ സുഖമായി ദഹിപ്പിക്കാൻ കഴിയുന്ന അത്ഭുത ആമാശയമാണ് മൈക്കലിന്റേത് എന്നാണ് അവർ കണ്ടെത്തിയത്.
എന്നാൽ ഇത്തരം സാധനങ്ങൾ കഴിക്കാൻ കൂടുതലായി തോന്നുന്നത് ഒരു തരം മാനസികപ്രശ്നം കൂടിയാണെന്ന് ഗിന്നസ് വേൾഡ് റെക്കോർഡ്സ് മൈക്കലിന്റെ നേട്ടത്തെ പറ്റി പറഞ്ഞുകൊണ്ട് കുറിക്കുന്നു. ഇത്തരക്കാർക്ക് സാധാരണ ഭക്ഷണം കഴിക്കാൻ ഒട്ടും താൽപര്യമുണ്ടാവില്ല.
1966 മുതൽ തുടങ്ങിയ ഈ ഭക്ഷണ ശീലത്തിൽ 18 സൈക്കിളുകൾ, 15 സൂപ്പർ മാർക്കറ്റ് ട്രോളികൾ, ഏഴ് ടി.വി സെറ്റ്, ആറ് തൂക്കു വിളക്കുകൾ, രണ്ട് കട്ടിലുകൾ, ഒരുജോഡി സ്കീസ്, ഒരു സെസ്ന ലൈറ്റ എയർക്രാഫ്റ്റ്, ഒരു കംപ്യൂട്ടർ എന്നിവ കഴിച്ചതായാണ് പറയുന്നത്.
പഴവും മുട്ടയുമൊക്കെ കഴിച്ചാൽ വയറ് കേടാകുമെന്നും പകരം ഗ്ലാസും മെറ്റലുമാണെങ്കിൽ വലിയ സന്തോഷമെന്നാണ് തന്റെ വ്യത്യസ്തമായ ഭക്ഷണത്തെ പറ്റി ചോദിക്കുന്നവർക്ക് മൈക്കലിന്റെ മറുപടി.
Content Highlights: This man ate metal, glass won Guinness World Records