ദിനം പ്രതിയുള്ള കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഐസിഎംആർ മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ആൻ്റിജൻ പരിശോധന വർധിപ്പിക്കാൻ തീരുമാനമായത്. ആളുകൾ കൂടുതലായി എത്തുന്ന ബസ് സ്‌റ്റാൻഡ് റെയിൽവെ സ്‌റ്റേഷൻ എന്നിവടങ്ങളിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിലാകും ബൂത്തുകളുടെ ക്രമീകരണം. ഗ്രാമീണ മേഖലകൾക്കൊപ്പം കൂടുതൽ പ്രദേശങ്ങളിലും പരിശോധനകൾ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്.
ഈ ബൂത്തുകളുമായി ബന്ധപ്പെട്ട് മാലിന്യം സംസ്‌കരിക്കാനും അണുബാധ ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങളും തയ്യാറാക്കണമെന്നും നിർദേശമുണ്ട്. ഒരിക്കൽ കൊവിഡ് സ്ഥിരീകരിച്ച വ്യക്തിക്ക് വീണ്ടും ആർടിപിസിആർ പരിശോധന നടത്തേണ്ടതില്ല. ഇവർക്ക് ആൻ്റിജൻ പരിശോധന മാത്രം മതിയാകും. ആശുപത്രിയിൽ നിന്നുള്ള ഡിസ്‌ചാർജിന് പരിശോധന ആവശ്യമില്ലെന്നും നിർദേശത്തിൽ വ്യക്തമാക്കുന്നുണ്ട്.
കേരളത്തിൽ കോവിഡ് കണക്കുകള്‍ക്ക് ശമനമില്ലാതെ വര്‍ദ്ധിക്കുകയാണ്. ബുധനാഴ്ചയാണ് ഏറ്റവുമധികം കേസുകളും മരണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 43,529 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. മരണങ്ങള്‍ 95ലേക്ക് കുതിച്ച് ചാടുകയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.75 ചെയ്തിട്ടുണ്ട്. ബുധനാഴ്ചത്തെ കണക്ക് പരിശോധിച്ചാൽ രാജ്യത്ത് തന്നെ ഏറ്റവുമധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. ഇതോടെ ലോക്ക് ഡൗണ്‍ നീട്ടിയേക്കുമെന്നാണ് സൂചനകള്‍ നൽകുന്നത്.