എ കെ രമേശ്
ഡോക്ടറുടെ രോഗികൾ പരസ്പരം പറയാറുണ്ട്, ഇതെന്ത് ദ്വേഷ്യമാണ് എന്ന്. പക്ഷേ എന്നിട്ടും അവർ അവിടെത്തന്നെ വരും. ചീത്ത കേട്ടവർ നല്ല കുട്ടികളാവും, തെറ്റാതെ മരുന്നു കഴിക്കും, രോഗം ഭേദമാവും, പിന്നെ വരാതാവും. എന്തൊരു ശ്രദ്ധയാണ് ആ ഡോക്ടർക്ക് എന്ന് പറയും, ഡോക്ടറെ പിന്നെ മറക്കും. എ കെ രമേശിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
ഡോക്ടറുടെ പെരുമാറ്റം കൊണ്ട് കരഞ്ഞുപോയിട്ടുണ്ടോ നിങ്ങൾ? ഉണ്ടാവില്ല, പക്ഷേ എനിക്കുണ്ട് ആ അനുഭവം. വിങ്ങിനീറുന്ന ഈ ശ്വാസകോശവും കൊണ്ട് ഇനിയൊരിഞ്ച് നടന്നുനീങ്ങാനാവില്ല എന്ന് തോന്നിയപ്പോഴാണ് രണ്ടാഴ്ച മുൻപ് എടുത്ത x റേ യുമായി ഡോക്ടറെ കാണാൻ ചെന്നത്. അതിന് മുൻപ് ഇത് കാൻസർ ആയേക്കും എന്ന് ഭയപ്പെടുത്തിയ ഡോക്ടറാണ്. പിന്നെ ആ വഴിക്ക് ചെന്നിട്ടുണ്ടായിരുന്നില്ല.
വല്ലാതെ ശ്വാസതടസം തോന്നിയപ്പോൾ വേറെ ഒരു ഡോക്ടറെ തൽക്കാലം കണ്ടു മരുന്നു വാങ്ങിച്ചതാണ്. അയാൾ കുറിച്ചതനുസരിച് എടുത്ത എക്സ് റേ യുമായാണ് ഇദ്ദേഹത്തെ കാണാൻ ചെന്നത്. ചെന്നപാട് എക്സ് റേ കാട്ടി കസേരയിൽ ഇരുന്നതും അതെടുത്ത് ഡോക്ടർ ഒരൊറ്റ ഏറ്. ഞാൻ നിങ്ങളെ നോക്കില്ല എന്ന് കടുപ്പിച്ചു പറഞ്ഞ ശേഷം ഒരു ചോദ്യം : എപ്പോ വരാനായിരുന്നു ഞാൻ പറഞ്ഞത്?.
നേരാണ്, ഒരുമാസത്തെ മരുന്നിനെഴുതുമ്പോൾ പറഞ്ഞതാണ്, അത് കഴിഞ്ഞ് വരാൻ. അന്നത്തെ തിരക്കിൽ അത് മറന്നതാണ്. രോഗം കൂടുമ്പോളല്ലേ അതേക്കുറിച്ചോർക്കൂ. സത്യത്തിൽ കരഞ്ഞു പോയി. ഒന്നോർത്തു നോക്കൂ, ആ നിസ്സഹായാവസ്ഥ. മര്യാദക്കൊന്ന് സംസാരിക്കാൻ പോലും ആവാത്ത സ്ഥിതിയാണ്. ദയനീയമായി ഡോക്ടറെ ഒന്ന് നോക്കി. “നിങ്ങൾ എന്റെ patient ആണെന്നല്ലേ പറയുക? ഞാൻ പറഞ്ഞത് കേൾക്കാനാവില്ലെങ്കിൽ എന്തിന് ഇവിടെ വരണം? ചത്തു പോകും നിങ്ങൾ” എനിക്ക് മറുപടിയില്ല. ഡോക്ടർക്ക് കിതയ്ക്കുന്നുണ്ടായിരുന്നു.
“സോറി സാർ “. വാക്കുകൾ തൊണ്ടയിൽ കുടുങ്ങുന്നത് ഡോക്ടർക്ക് മനസ്സിലായി. പിന്നെ ഒന്നാറിത്തണുത്തു. കുറച്ച് വീര്യം കൂടിയ മരുന്നിനാണ് എഴുതിയത്. രണ്ടാഴ്ച കഴിഞ്ഞ് വരാൻ നിർദേശവും. ഡോക്ടറെ പരിചയപ്പെടുത്തിത്തന്ന കെ എം ജയരാജനെ വിളിച്ച് അനുഭവം പങ്കു വെച്ചു. “നിങ്ങളെ പിന്നെയല്ലേ, പി വി യെ വരെ ചീത്ത വിളിച്ചിട്ടുണ്ട് ഡോക്ടർ “പി വി എന്നാൽ പി വി കുഞ്ഞിക്കണ്ണൻ. അന്നത്തെ എൽ ഡി എഫ് കൺവീനർ. ജയരാജന്റെ അമ്മായിയപ്പൻ. ചീത്ത വിളിക്കുകയും ചെയ്യും, വീട്ടിൽ നിന്ന് ഭക്ഷണം എത്തിക്കുകയും ചെയ്യും -ജയരാജൻ കൂട്ടിച്ചേർത്തു.
രണ്ടാഴ്ച വേണ്ടി വന്നില്ല, രണ്ടുമൂന്നു ദിവസം കൊണ്ട് രോഗം ഭേദമായി. കൃത്യസമയത്ത് ഡോക്ടറെ വീണ്ടും കാണാൻ ചെന്നു. പരിശോധന തുടങ്ങിയ സമയത്താണ് ഒരു ഫോൺ വരുന്നത്. “കാലു പിടിക്കാൻ എന്നെ കിട്ടില്ല സാർ. ശങ്കരൻ വക്കീലിനെ എനിക്കറിയാം. പക്ഷേ ശുപാർശ ക്കായി ഞാൻ പോവില്ല. ഞാൻ ലീവ് എടുത്തോളും.”അപ്പുറത്തുള്ളത് ഹെൽത്ത് ഡയറക്ടറോ സെക്രട്ടറിയൊ ആണ്. കോട്ടയത്തേക്കുള്ള ട്രാൻസ്ഫർ മാറ്റിക്കിട്ടാനുള്ള യോഗ്യത ഉണ്ടായിട്ടും കൊടുക്കാത്തതാണ് കാരണം.
അന്ന് കുറിച്ചത് സാധാരണ എഴുതാറുള്ള മരുന്നാണ്. കടുപ്പമുള്ള ആന്റിബയോട്ടിക് ഒന്നുമില്ല. പതിവ് പോലെ ഞാൻ കാശു നീട്ടി, ഡോക്ടർ നിരസിക്കുകയും ചെയ്തു.
അതിനുശേഷം ശ്വാസകോശം എന്ന ഒരവയവത്തെ മറന്ന മട്ടായി. യാത്രകളിലൊക്കെ ശ്വാസക്കോലുമായി പോയിരുന്ന എനിക്ക് അതില്ലാതെ സഞ്ചരിക്കാം എന്നായി. കീശയിൽ വെക്കാതെ ഇൻഹെയ്ലർ അറിയാതെ ക്യാബിൻലഗ്ഗെജിൽ വെച്ച് പോയ യാത്രകളിൽ ശ്വാസത്തെ ക്കുറിച്ചോർത്തു വിഷമിച്ചിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഞാൻ പഴയ ഇൻഹേയ്ലർ മറന്നിരിക്കുന്നു.
ഇൻഹേയ്ലർ മാത്രമല്ല, ഡോക്ടറെയും മറന്നുപോയിരുന്നു ഞാൻ. പക്ഷേ അന്ന് എന്നോട് ചത്തുപോകും എന്ന് പറഞ്ഞിട്ടും ഞാൻ ചത്തില്ല, പക്ഷേ ഡോക്ടർ ഇന്നില്ല. മരിക്കുമെന്ന് ഉറപ്പായപ്പോൾ ഡോക്ടറായ ഭാര്യയോട് അദ്ദേഹം ചോദിച്ചത്രേ, എന്റെ രോഗികൾ എന്താവും എന്ന്. മക്കൾ എന്താവും എന്നല്ല ചോദ്യം.
ഡോക്ടറുടെ രോഗികൾ പരസ്പരം പറയാറുണ്ട്, ഇതെന്ത് ദ്വേഷ്യമാണ് എന്ന്. പക്ഷേ എന്നിട്ടും അവർ അവിടെത്തന്നെ വരും. ചീത്ത കേട്ടവർ നല്ല കുട്ടികളാവും, തെറ്റാതെ മരുന്നു കഴിക്കും, രോഗം ഭേദമാവും, പിന്നെ വരാതാവും. എന്തൊരു ശ്രദ്ധയാണ് ആ ഡോക്ടർക്ക് എന്ന് പറയും, ഡോക്ടറെ പിന്നെ മറക്കും.
പക്ഷേ ഡോക്ടറുടെ മരണത്തോടെ അനാഥത്വം തോന്നിയ ഒരുപാട് രോഗികളെ എനിക്കറിയാം. ഇപ്പോൾ നിങ്ങൾക്ക് ആ ഡോക്ടറെ മനസ്സിലായിക്കാണും. ഡോക്ടർ രമേശ് ചന്ദ്രബാബു. ഡോക്ടറുടെ അന്നത്തെ ചീത്തപറച്ചിൽ ഉണ്ടായിരുന്നില്ലെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല. പക്ഷേ നന്ദികെട്ട ഞാൻ ഡോക്ടറെ ഇത്ര കാലവും മറന്നതായിരുന്നു. ഇപ്പോൾ ഈ കോവിഡ് കാലത്ത് ശ്വാസം കിട്ടാതെ ഓക്സിജൻ കിട്ടാതെ ആളുകൾ നരകിക്കുന്നത് കേൾക്കുമ്പോൾ അറിയാതെ ഓർത്തുപോവുകയാണ് ഡോക്ടർ രമേശ് ചന്ദ്ര ബാബുവിനെ. ആദരം ഡോക്ടർ.