“പലസ്തീൻ വിമോചന പോരാളികൾക്ക് നേരെ ഇസ്രായേൽ നടത്തുന്ന ക്രൂരമായ അക്രമത്തിൽ പ്രതിഷേധിച്ച് ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ് ദേശീയ കമ്മിറ്റി പ്രഖ്യാപിച്ച ഐക്യദാർഢ്യത്തിൽ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ കൂടെ പങ്കാളിയായി. അനീതിക്കെതിരെയുള്ള ഒരു പോരാട്ടവും ലക്ഷ്യം കാണാതിരുന്നിട്ടില്ല. പലസ്തീനികളുടെ വിമോചനപോരാട്ടവും വെറുതെയാവില്ല. ഈ ആഘോഷ ദിനത്തിൽ പോരാളികൾക്കൊപ്പം.” കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു.
മുൻകാലങ്ങളിലെ പലസ്തീൻ അനുകൂല നിലപാടിൽ നിന്നും സർക്കാരുകൾ പിന്നോട്ട് പോകുകയാണെന്ന് ലീഗ് നേതാക്കൾ ആരോപിച്ചു. ഇത് രാജ്യത്തിന്റെ പരമ്പരാഗത നിലപാടിന് എതിരാണെന്നും ഇത്തരം നയങ്ങൾ കേന്ദ്രം തിരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
അതേസമയം, പലസ്തീൻ ജനതയെ തീവ്രവാദികളെന്ന് വിശേഷിപ്പിച്ച ഉമ്മൻ ചാണ്ടിക്കെതിരെ രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളി സൗമ്യക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് വിവാദ പരാമര്‍ശം. വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഉമ്മൻ ചാണ്ടി കുറിപ്പിൽ നിന്നും തീവ്രവാദി പരാമര്‍ശം നീക്കം ചെയ്തിട്ടുണ്ട്.
പലസ്തീൻ ജനതയ്ക്കെതിരെ ഇസ്രായേൽ നടത്തുന്ന അക്രമണത്തെ സിപിഎം പോളിറ്റ് ബ്യൂറോ അപലപിച്ചിരുന്നു. ഇസ്രായേൽ നടത്തുന്ന വ്യോമാക്രമണത്തിൽ നിരവധി പലസ്തീൻകാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് സിപിഎം പിന്തുണ പ്രഖ്യാപിച്ചത്.