കൊച്ചി > ബാങ്കിങ് മേഖലയിൽ പണിയെടുക്കുന്ന മുഴുവൻ ഓഫീസർമാർക്കും ജീവനക്കാർക്കും ദിവസക്കൂലിക്കാർക്കും കരാർ ജീവനക്കാർക്കും കോവിഡ് വാക്സിൻ നൽകാൻ തയ്യാറാകണമെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കേരള സംസ്ഥാന കമ്മിറ്റി കേന്ദ്ര / സംസ്ഥാന സർക്കാരുകളോടും എസ്എൽബിസിയോടും ആവശ്യപ്പെട്ടു.
രാജ്യത്ത് അതിരൂക്ഷമായ വാക്സിൻ ക്ഷാമമാണ് നിലനിൽക്കുന്നത്. വാക്സിൻ നയത്തിൽ വന്ന മാറ്റമാണ് അതിൻ്റെ പ്രധാന കാരണം. നാളിതുവരെയുണ്ടായിരുന്ന വാക്സിൻ നയപ്രകാരം, മഹാമാരികൾക്കെതിരെയും മറ്റ് അസുഖങ്ങൾക്കെതിരെയും ജനങ്ങൾക്ക് സാർവ്വത്രികമായി വാക്സിൻ നൽകുന്നതിൻ്റെ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനായിരുന്നു. ഈ നയത്തിനാണ് കേന്ദ്ര സർക്കാർ മാറ്റം വരുത്തിയിരിക്കുന്നത്. കോവിഡ് 19 വ്യാപനം അതിഭീകരമായി തുടരുന്ന വേളയിലാണ് വാക്സിൻ വിതരണത്തിൻ്റെ ഉത്തരവാദിത്വം സംസ്ഥാന സർക്കാരുകൾക്ക് നൽകിയിരിക്കുന്നത്. വാക്സിൻ്റെ വില പോലും മൂന്ന് തരത്തിലാണ് ഈടാക്കുന്നത്. പടർന്നു പിടിക്കുന്ന മഹാമാരിയെ തടയുന്നതിന് ഏക പ്രതിവിധി വാക്സിൻ ആണ് എന്ന വസ്തുത നിലനിൽക്കെ രാജ്യത്ത് രണ്ട് കമ്പനികൾക്ക് മാത്രമാണ്, അതും സ്വകാര്യമേഖലയിൽ, വാക്സിൻ നിർമ്മിക്കാൻ അനുമതി നൽകിയിരിക്കുന്നത്. മികച്ച നിലയിൽ പ്രവർത്തിച്ചിരുന്ന പൊതുമേഖലാ വാക്സിൻ കമ്പനികളായ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ട് (കൂനൂർ), സെൻട്രൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കസൗളി), ബിസിജി വാക്സിൻ ലബോറട്ടറി (ഗിണ്ടി), എച്ച് ബി എൽ ഇൻ്റഗ്രേറ്റഡ് വാക്സിൻ കോംപ്ലക്സ് (ഹൈദരബാദ്) എന്നിവിടങ്ങളിൽ ഒരു വാക്സിനുകളും ഇപ്പോൾ നിർമിക്കുന്നില്ല. മഹാമാരി പശ്ചാത്തലത്തിൽ പൊതുമേഖലാ വാക്സിൻ കമ്പനികളെ പുനരുദ്ധരിക്കുകയും അവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്യണം. കുത്തകകളെ സഹായിക്കുന്ന പുതിയ വാക്സിൻ നയം തിരുത്താനും കേന്ദ്ര സർക്കാർ തയ്യാറാകണം.
ബാങ്കിംഗ് മേഖല അവശ്യ സർവ്വീസ് മേഖലയായതിനാൽ ലോക്ഡൗൺവേളയിലും തുറന്ന് പ്രവർത്തിക്കുകയാണ്. എല്ലാ മേഖലയിലുമുള്ള ജനങ്ങൾ കടന്ന് വരുന്ന സ്ഥലമാണ് ബാങ്ക് ശാഖകൾ. കറൻസി, ചെക്ക് എന്നിവ കൈകാര്യം ചെയ്യുന്നതിനാൽ ഏറെ വ്യാപന സാധ്യതയുള്ള മേഖലയാണ് ബാങ്കുകൾ. രാജ്യത്താകെ ആയിരത്തിലേറെ ബാങ്ക് ജീവനക്കാർക്കാണ് കോവഡിന് ഇരയായി ജീവൻ നഷ്ടപ്പെട്ടത്. അതിലേറെയും കഴിഞ്ഞ രണ്ടു മാസക്കാലത്തിനിടയിലും. അതിൽ തന്നെ ബഹു ഭൂരിപക്ഷവും 45 വയസിന് താഴെയുള്ളവരും. ഇത്തരം വസ്തുതകൾ എല്ലാം കണക്കിലെടുത്ത് ബാങ്കിംഗ് മേഖലയിലെ ജീവനക്കാരെ കോവിഡ് ഭടർമാരായി (Covid Warriors) കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാർലമെണ്ടറി കമ്മിറ്റി അംഗീകരിക്കുകയുണ്ടായി. തുടർന്ന് കേന്ദ്ര ധനമന്ത്രാലയം ബാങ്കിംഗ്/ ധനമേഖലയിലെ ബി.സി.മാരുൾപ്പടെയുള്ള എല്ലാ ജീവനക്കാർക്കും കോവിഡ് മുൻനിര പ്രവർത്തകർക്ക് നൽകുന്ന പ്രത്യേക പരിഗണന നൽകി വാക്സിനേഷൻ അടിയന്തിരമായി നൽകാൻ സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് നിർദ്ദേശം നൽകുകയുമുണ്ടായി. അതിൻ്റെ കോ-ഓർഡിനേഷൻ ചുമതല സംസ്ഥാന തല ബാങ്കേഴ്സ് സമിതികളോട് (SLBC) ഏറ്റെടുക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
കേരളത്തിലെ കോവിഡ് അതിതീവ്ര വ്യാപന പശ്ചാത്തലത്തിൽ എല്ലാ ബാങ്ക് ജീവനക്കാർക്കും വാക്സിൻ നൽകുന്നതിന് ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രാധാന്യം കണക്കിലെടുത്ത് പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ച് വാക്സിൻ നൽകുന്നതിനും മുൻകൈ എടുക്കണമെന്ന് സംസ്ഥാന സർക്കാരിനോടും SLBCയോടും അഭ്യർത്ഥിക്കുന്നു. മെയ് 17 ന് രാജ്യവ്യാപകമായി വാക്സിൻ അവകാശ ദിനമായി ആചരിക്കാൻ ബി.ഇ.എഫ്.ഐ.കേന്ദ്ര കമ്മിറ്റി തീരുമാനമെടുത്തിട്ടുണ്ട്. അന്നേ ദിവസം കേരളത്തിൽ ജീവനക്കാർ ബാങ്ക് ശാഖകൾക്ക് / ഓഫീസുകൾക്ക് മുന്നിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പ്ലക്കാർഡുകൾ ഏന്തി പ്രകടനം നടത്തും.