കോഴിക്കോട് > ‘വർഗ വഞ്ചകൻ, ഒറ്റുകാരൻ’… മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാലിനെതിരെ നീചമായ അധിക്ഷേപവുമായി ഒരു വിഭാഗം ആർഎസ്എസ്–- ബിജെപി പ്രവർത്തകർ നടത്തുന്ന സൈബർ വേട്ട ശക്തമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെ തെരഞ്ഞുപിടിച്ച് രാജഗോപാലിനെ ആക്രമിക്കയാണ്. കൊല്ലം, ആലപ്പുഴ, കോട്ടയം ജില്ലകളിൽ പുതിയ ഓക്സിജൻ പ്ലാന്റുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ എന്ന തലക്കെട്ടിൽ ഒ രാജഗോപാൽ കഴിഞ്ഞദിവസം ഫെയ്സ്ബുക്കിൽ കുറിപ്പിട്ടിരുന്നു. ഇതിനുള്ള പ്രതികരണമായാണ് സംഘികളുടെ ചീത്തവിളി. നേമത്തെ തോൽവിക്ക് കാരണക്കാരൻ എന്ന നിലയിലാണ് തെറിയും കുറ്റപ്പെടുത്തലും. മുതിർന്ന നേതാവെന്ന നിലയിൽ ഉത്തരവാദിത്തം കാണിച്ചില്ലെന്നും വർഗ വഞ്ചകനാണ് രാജഗോപാലെന്നും കമന്റുകളുണ്ട്.
‘‘കളഞ്ഞിട്ട് പോകുവേ. നിങ്ങളെ ഞങ്ങൾക്ക് വേണ്ട. നിങ്ങൾ സ്വാർഥനാണ്. നിങ്ങൾ ഒറ്റുകാരനാണ്. നിങ്ങൾ പാപിയാണ്. നിങ്ങൾ ദുഷ്ടനാണ്. കമ്മികൾ പറയുന്ന പോലെ ശുംഭൻ അണ് നിങ്ങൾ… പ്രായം കൂടുതൽ കാരണം നിങ്ങളെ വളരെ ബഹുമാനമായിരുന്നു. നിങ്ങളുടെ പ്രവൃത്തിയും സംസാരവും കാരണം ഞങ്ങടെ മനസ്സിൽനിന്ന് നിങ്ങൾ മരിച്ചു. നിങ്ങളുടെ ഒരാഹ്വാനവും ഞങ്ങൾ ഏറ്റെടുക്കില്ല. ശാപം. ഞങ്ങൾ ഇന്നും നാളെയും എൻഡിഎ തന്നെയായിരിക്കും’’ എന്നിങ്ങനെ രൂക്ഷഭാഷയിലാണ് ബിജെപി പ്രവർത്തകരുടെ കമന്റുകൾ. വയസ്സാൻ കാലത്ത് പൂജാറൂമിൽ ഒതുങ്ങിക്കൂടിക്കൂടെയെന്നും ചോദിക്കുന്നു.
തെരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ എൻഡിഎക്ക് വോട്ട്ചെയ്തവർക്ക് നന്ദി അറിയിച്ച് രാജഗോപാലിട്ട പോസ്റ്റിനു ചുവടെ സംഘികളുടെ ട്രോൾ പൂരമായിരുന്നു. ബംഗാളിലെ അക്രമത്തിൽ പ്രതിഷേധിച്ച് വിളക്കുകത്തിച്ച ചിത്രവുമായുള്ള പോസ്റ്റിനെ എൽഡിഎഫ് വിജയദിനാഘോഷമെന്ന് വിമർശിച്ചും വലിയ ആക്രമണമുണ്ടായി. ആദ്യ ബിജെപി എംഎൽഎകൂടിയായ രാജഗോപാലിനെ നിരന്തരം സൈബറിടത്തിൽ സ്വന്തം പ്രവർത്തകർ വേട്ടയാടുമ്പോഴും ബിജെപി സംസ്ഥാന നേതൃത്വം കാഴ്ചക്കാരായി നിൽക്കുകയാണ്.