45 വയസ്സിനു മുകളിലുള്ളവർക്കുള്ള വാക്സിൻ കേന്ദ്ര സർക്കാർ ലഭ്യമാക്കും എന്നാണ് പുതിയ വാക്സിൻ നയത്തിൽ വ്യക്തമാക്കുന്നത്. കേരളത്തിൽ 45 വയസ്സിനു മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ടു ഡോസ് വീതം നൽകണമെങ്കിൽ 2.26 കോടി ഡോസ് വാക്സിൻ നമുക്ക് ലഭിക്കണം.
കൊവിഡ് തരംഗത്തിന്‍റെ നിലവിലെ വ്യാപനവേഗതയുടെ ഭാഗമായുണ്ടാകുന്ന മരണനിരക്ക് കുറച്ചു നിർത്താൻ 45 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിനർഹമായ വാക്സിനുകൾ എത്രയും വേഗത്തിൽ ലഭ്യമാക്കണം എന്ന് കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി തന്നെ കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ആശുപത്രികളിലെ വൈദ്യുതി വിതരണം തടസ്സമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ട്. ആശുപത്രികൾ എമർജൻസി ഇലക്ട്രിക് സപ്ലൈ ഉറപ്പാക്കണം. അതിതീവ്ര മഴക്കും ഇടിമിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെഎസ്ഇബിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓക്സിജൻ ഉത്പാദന ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദ്ദേശിച്ചു. ഓക്സിജൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഓക്സിജൻ ഓഡിറ്റ് ഫയർഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടുത്തം ഒഴിവാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയിട്ടുണ്ട്. ഫയർഫോഴ്സ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ്, പി ഡബ്ലിയു ഡി എന്നിവ ആവശ്യമായ നടപടികൾ എടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.