തിരുവനന്തപുരം > കേരളത്തിൽ ബിജെപി പത്തുവർഷം പിന്നോട്ടുപോയ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിൽ സംസ്ഥാന നേതൃത്വത്തിന്റെ വീഴ്ചയാണെന്ന വിലയിരുത്തലിൽ ആർഎസ്എസും. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പാളിയതിനു പുറമേ കേന്ദ്രമന്ത്രി മുരളീധരന്റെയും സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെയും പല നിലപാടുകളും തിരിച്ചടിയായി.
മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് തുടർച്ചയായി സംസ്ഥാന സർക്കാരിനും പിണറായി വിജയനുമെതിരെ ആരോപണമുന്നയിച്ചത് ജനങ്ങൾ തെറ്റിദ്ധരിക്കാനിടയായി. എന്നാൽ, കേന്ദ്രസർക്കാർ സംസ്ഥാനത്തിന് എന്തൊക്കെ ചെയ്തു, താൻ ഇടപെട്ട് കേരളത്തിനായി എന്ത് നേടി തുടങ്ങിയ കാര്യങ്ങൾ വിശദീകരിച്ചിരുന്നെങ്കിൽ വിമർശനവും ജനങ്ങൾക്ക് മനസ്സിലാകുമായിരുന്നു. സുരേന്ദ്രൻ രണ്ട് മണ്ഡലത്തിൽ മത്സരിച്ചതും ഹെലികോപ്ടറിൽ പറന്നു നടന്നതും പാർടി അണികളിൽപ്പോലും അതൃപ്തിയുണ്ടാക്കിയെന്നും ആർഎസ്എസ് നേതാക്കൾ വിലയിരുത്തുന്നു.
ചില മണ്ഡലങ്ങളിൽ തെരഞ്ഞെടുപ്പ് സമയത്ത് എടുത്ത നിലപാടിന്റെ തുടർച്ച ഇപ്പോഴുമുണ്ടെന്ന് അവർ ചൂണ്ടിക്കാട്ടി. കഴക്കൂട്ടത്തെ വോട്ടിന്റെ കണക്കും ബൂത്ത്തല വിശദാംശങ്ങളും കൈമാറാൻ മണ്ഡലം കമ്മിറ്റി തയ്യാറായിട്ടില്ല. അവിടെ കോർകമ്മിറ്റി വിളിച്ച് ഇതുസംബന്ധിച്ച ചർച്ചയും നടന്നില്ല. തിരുവനന്തപുരം ജില്ലയിലെ 13 മണ്ഡലത്തിലെ കണക്ക് കൈമാറിയിട്ടും കഴക്കൂട്ടത്തെ മാത്രം എടുക്കാത്തത് എന്തുകൊണ്ടാണെന്നതിന് മറുപടിയുമില്ല. കോവളത്തെ സ്ഥാനാർഥിയെ നിശ്ചയിച്ചതും മുമ്പുണ്ടായിരുന്ന ധാരണ പ്രകാരമല്ല. അതേസമയം, സ്ഥാനാർഥി നിർണയത്തിലടക്കം ആർഎസ്എസ് ഇടപെടൽ പല പ്രശ്നങ്ങളും സൃഷ്ടിച്ചെന്നാണ് ഔദ്യോഗിക നേതൃത്വം കേന്ദ്ര നേതാക്കളെ ധരിപ്പിച്ചിട്ടുള്ളത്.