കുണ്ടറ> കുണ്ടറയില് ആത്മഹത്യയ്ക്കുശ്രമിച്ച അഞ്ച് അംഗ കുടുംബത്തിലെ അമ്മയും രണ്ടു മക്കളും മരിച്ചു. മൂന്നുമാസവും രണ്ടുവയസും പ്രായമുള്ള രണ്ടുകുട്ടികളും ഗൃഹനാഥയുമാണ് മരിച്ചത്. ഗൃഹനാഥനെ ഗുരുതരാവസ്ഥയില് കൊല്ലത്തെ സ്വകാര്യ മെഡിക്കല് കോളജില് പ്രവേശിപ്പിച്ചു.
ആറുവയസുകാരിയായ മൂത്തമകള് രക്ഷപ്പെട്ടു. വൈകിട്ട് 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധുവാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. മണ്റോതുരുത്ത് പെരുങ്ങാലം എറോപ്പില് വീട്ടില് വൈ. എഡ്വേര്ഡും (അജിത്, 40) കുടുംബവുമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭാര്യ വര്ഷ (26), മക്കളായ അലന് (2), ആരവ് (മൂന്നുമാസം) എന്നിവരാണ് മരിച്ചത്.
ഇവര് കേരളപുരം ഇടവട്ടം പൂജപ്പുര ക്ഷേത്രത്തിനുസമീപം വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കട രാജാ മെഡിക്കല് സ്റ്റോര് ജീവനക്കാരനായിരുന്നു എഡ്വേര്ഡ്. ആരവിന് കുടലില് തകരാറുണ്ടായിരുന്നു. തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയില് ശസ്ത്രക്രീയയ്ക്കുശേഷം കുടുംബം വാടകവീട്ടിലെത്തിയില്ല. വര്ഷയും കുട്ടികളും മുഖത്തലയിലെ വര്ഷയുടെ കുടുംബവീട്ടിലായിരുന്നു.
രണ്ടുദിവസങ്ങള്ക്കുമുമ്പ് എഡ്വേര്ഡ് കുട്ടികളെ കേരളപുരത്തെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ചൊവ്വാഴ്ച രാവിലെ ഭാര്യവീട്ടിലെത്തിയ എഡ്വേര്ഡ് വര്ഷയെ നിര്ബ്ബന്ധിച്ച് കേരളപുരത്തേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.
വര്ഷ എത്തിയതുമുതല് ഇരുവരുംതമ്മില് വഴക്കുനടന്നിരുന്നതായി അയല്ക്കാര് പറയുന്നു. സമീപത്തെ രാഷ്ട്രീയപ്രവര്ത്തകനെ വിളിച്ചുവരുത്തി ഇവരുടെ ബന്ധുവിന്റെ ഫോണ്നമ്പര് നല്കി വിവരമറിയിക്കണമെന്ന് പറഞ്ഞിരുന്നു. വൈകിട്ട് 4.30-ഓടെ അയല്വാസി ഇവര്ക്ക് പാല് വാങ്ങിനല്കി. എഡ്വേര്ഡ് എത്തി പാലുവാങ്ങി അകത്തേക്കുപോയി. 5.30-ഓടെ സ്ഥലത്തെത്തിയ ബന്ധു വിളിച്ചുവെങ്കിലും ആരുംപ്രതികരിച്ചില്ല.
ഒടുവില് പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന് നടത്തിയ പരിശോധനയിലാണ് ആത്മഹത്യാശ്രമം കണ്ടെത്തിയത്. ശീതളപാനീയത്തില് വിഷംചേര്ത്ത് നല്കിയതായാണ് സൂചന. മൂത്തമകള് പാനീയം കുടിക്കാതെ കളയുകയായിരുന്നു.
അലൈന്, ആരവ് എന്നിവരെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയില് എത്തിച്ചുനടത്തിയ പരിശോധനയില് മരിച്ചുകഴിഞ്ഞതായി കണ്ടെത്തി. ഗുരുതരാവസ്ഥയിലായിരുന്ന വര്ഷയെയും എഡ്വേര്ഡിനെയും കൊല്ലത്തെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചുവെങ്കിലും വര്ഷയും മരിച്ചു. എഡ്വേര്ഡ് അതീവഗുരുതരാവസ്ഥയില് സ്വകാര്യ മെഡിക്കല് കോളജില് ചികിത്സയിലാണ്.
വര്ഷയുടെ മൃതദേഹം ജില്ലാ ആശുപത്രി മോര്ച്ചറിയിലും കുട്ടികളുടെ മൃതദേഹങ്ങള് കുണ്ടറയിലെ സ്വകാര്യ ആശുപത്രിമോര്ച്ചറിയിലുമാണ്.
10 മാസങ്ങള്ക്കുമുമ്പാണ് കുടുംബം കേരളപുരത്ത് താമസമാക്കിയത്. കുടുംബകലഹങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലായിരുന്നതായി അയല്ക്കാരും പറയുന്നു. കുണ്ടറ പോലിസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യാകുറിപ്പു കിട്ടിയതായും സംശയരോഗമാണ് മക്കളെയും ഭാര്യയെയും വിഷംകൊടുത്തുകൊന്ന് എഡ്വേര്ഡ് ആത്മഹത്യയ്ക്കു ശ്രമിച്ചതിനു പിന്നിലെന്നും സൂചനയുണ്ട്.