കൊച്ചി> കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ വാക്സിൻ ക്ഷാമം അടിയന്തരമായി പരിഹരിക്കുന്നതിന് ഫാർമസ്യൂട്ടിക്കൽ കമ്പനികൾക്ക് ലൈസൻസ് നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി വിശദീകരണം തേടി.കേന്ദ്ര-സംസ്ഥാന സർക്കാരുകളും ഡ്രഗ് കൺട്രോളർ ജനറലും മൂന്നു ദിവസത്തിനകം വിശദീകരണം നൽകണം.
കണ്ണുർ സ്വദേശിയായ അഭിഭാഷകൻ ജി കെ ഗോപകുമാർ സമർപ്പിച്ച ഹർജിയാണ് ജസ്റ്റീസുമായ എ.രാജ വിജയ രാഘവനും എം.ആർ അനിതയും അടങ്ങുന്ന ബഞ്ച് പരിഗണിച്ചത്. വാക്സിൻ നിർമാണത്തിന് സൗകര്യങ്ങൾ ഉള്ള ഉൽപാദകർക്ക് നിർമാണത്തിന് സമയബന്ധിത ലൈസൻസ് നൽകണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
സിറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും മാത്രമാണ് ഇന്ത്യയിലെ നിർമാതാക്കളെന്നും
അടിയന്തര സാഹചര്യം നേരിടുന്നതിന് ബൗദ്ധിക സ്വത്തവകാശത്തിന്റെ പരിമിതിയും അന്താരാഷ്ട്ര നിയമങ്ങളുടെ വിലക്കും മറികടന്ന് ഉൽപ്പാദനം നടത്തണമെന്നും ഹർജിയിൽ
ആവശ്യപ്പെടുന്നു.
ആവശ്യത്തിന് ഉൽപ്പാദനം നടത്താൻ ഈ കമ്പനികൾക്ക് മാത്രമായി കഴിയില്ലന്നും ഹർജിയിൽ ബോധിപ്പിച്ചു. കേസ് വെള്ളിയാഴ്ച പരിഗണിക്കും.