തിരുവനന്തപുരം
നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങളുയർന്ന ബിജെപി ജില്ലാ കമ്മിറ്റിയോഗത്തിനുപിന്നാലെ പൊട്ടിത്തെറിച്ച് തിരുവനന്തപുരത്തെ സ്ഥാനാർഥിയും. ജയിക്കാൻ കഴിയുന്ന എല്ലാ സാഹചര്യവുമുണ്ടായിട്ടും പാർടിക്കാർ കാലുവാരി തോൽപ്പിച്ചെന്ന ആരോപണവുമായി നടൻ കൃഷ്ണകുമാറാണ് രംഗത്തെത്തിയത്. പാലാ, തൃപ്പൂണിത്തുറ, കുണ്ടറയടക്കം പല പ്രധാന മണ്ഡലങ്ങളിലെയും വോട്ട് കച്ചവടം സംബന്ധിച്ച് ബിജെപി സ്ഥാനാർഥികളും നേതാക്കളും പരസ്യമായി രംഗത്തുവന്നിരുന്നു.
ശ്രദ്ധേയമത്സരമുള്ള മണ്ഡലമെന്നനിലയിലും സിനിമാതാരം മത്സരിക്കുന്നുവെന്ന നിലയിലും വാർത്തയിൽ നിരന്തരം ഇടംനേടിയ മണ്ഡലമാണ് തിരുവനന്തപുരം. തെരഞ്ഞെടുപ്പിന് മുമ്പ് നടന്ന ചില സർവേകളിൽ കൃഷ്ണകുമാർ ജയിക്കുമെന്നും പ്രവചനമുണ്ടായി. എന്നാൽ, പാർടിയുടെ പ്രവർത്തനം പലയിടത്തും നിർജീവമായെന്നും അതിന് ഉത്തരവാദിത്തം തിരുവനന്തപുരം ജില്ലാ നേതൃത്വത്തിനാണെന്നും കൃഷ്ണകുമാർ കുറ്റപ്പെടുത്തി.
സർവേകൾ വിജയം പ്രഖ്യാപിച്ച് ആഴ്ചകൾ കിട്ടിയിട്ടും ബിജെപി മെഷിനറി ചലിപ്പിച്ചില്ല. വിമാനത്താവളം മണ്ഡലത്തിലായിട്ടും അതുവഴി വന്ന ഒരു നേതാവിനെയും മണ്ഡലത്തിൽ പ്രചാരണത്തിനോ റോഡ്ഷോയ്ക്കോ കൊണ്ടുവരാതെ വഞ്ചിച്ചു. നടനെന്ന നിലയിലെ വ്യക്തിപരമായ വോട്ട് നേടിയാണ് 2016 നേക്കാൾ നേരിയ മുൻതൂക്കം നേടിയതെന്നും കൃഷ്ണകുമാർ അവകാശപ്പെട്ടു.
കഴിഞ്ഞ ദിവസം ചേർന്ന ബിജെപി ജില്ലാ കമ്മിറ്റി യോഗത്തിൽ സംസ്ഥാന–-ജില്ലാ നേതൃത്വത്തിനെതിരെ മുൻജില്ലാ അധ്യക്ഷനടക്കം ആഞ്ഞടിച്ചിരുന്നു. പത്ത് വർഷം മുമ്പുള്ള അവസ്ഥയിലേക്ക് പാർടിയെ കൊണ്ടെത്തിച്ചതിന് മറുപടി പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.