ലണ്ടൻ
ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ രണ്ടാംപാദ സെമിയിൽ ഇന്ന് ചെൽസി–-റയൽ മാഡ്രിഡ് പോരാട്ടം. റയലിന്റെ തട്ടകത്തിൽ നടന്ന ആദ്യപാദം 1–-1ന് സമനിലയിൽ കലാശിച്ചിരുന്നു. എതിർതട്ടകത്തിൽ നേടിയ ഗോളിന്റെ ആനുകൂല്യത്തിലാണ് ചെൽസി ഇറങ്ങുന്നത്. ഗോളില്ലാകളിയായാൽ അവർ ഫൈനലിലേക്ക് മുന്നേറും. റയലിനാകട്ടെ ഒറ്റഗോൾ ജയം വേണം. ഇരുടീമും 1–1 എന്ന നിലയിലാണെങ്കിൽ കളി അധികസമയത്തേക്ക് നീങ്ങും. ഒന്നിൽ കൂടുതൽ ഗോൾ റയൽ നേടിയാൽ അവർ മുന്നേറും.
എട്ട് സീസണുകൾക്കിടെ അഞ്ചാം ഫൈനലാണ് സിനദിൻ സിദാന്റെ റയലിന്റെ ലക്ഷ്യം. ചാമ്പ്യൻസ് ലീഗിലെ എക്കാലത്തെയും മികച്ച ടീമാണ് അവർ. നാളുകളായി പരിക്ക് കാരണം പുറത്തിരിക്കുന്ന സെർജിയോ റാമോസ് തിരിച്ചെത്തുന്നതാണ് അവരുടെ ബലം. പിൻനിരയിൽ റാമോസിന്റെ സാന്നിധ്യം റയലിന് നൽകുന്ന ഊർജം ചെറുതാകില്ല. ഫെർലാൻഡ് മെൻഡിയും കളിക്കും. റാഫേൽ വരാനെ സംശയത്തിലാണ്. മുന്നേറ്റത്തിൽ കരീം ബെൻസെമയ്ക്ക് കൂട്ടായി വിനീഷ്യസ് ജൂനിയർതന്നെയെത്തും.
റയലിന്റെ തട്ടകത്തിൽ ക്രിസ്റ്റ്യൻ പുലിസിക്കിന്റെ ഗോളാണ് ചെൽസിക്ക് ആദ്യപാദത്തിൽ തുണയായത്. പരിശീലകൻ തോമസ് ടുഷെലിന്റെ കീഴിൽ അച്ചടക്കത്തോടെയാണ് അവർ കളിക്കുന്നത്. പ്രതിരോധത്തിനാകും റയലിനെതിരെ മുൻതൂക്കം. ടിമോ വെർണർ മുന്നേറ്റത്തിൽ കളിക്കും. എൻഗോളോ കാന്റെയാകും പ്രധാനി.