തിരുവനന്തപുരം> സ്വകാര്യ ആശുപത്രികളില് കോവിഡ് രോഗികളുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സര്ക്കാര് വിജ്ഞാപനം ഇറങ്ങി. രജിസ്ട്രേഷന്, കിടക്ക, നേഴ്സിങ് ചാര്ജ് തുടങ്ങിയവ അടക്കമുള്ളവയ്ക്ക് 2645 രൂപ മാത്രമേ ജനറല് വാര്ഡുകളില് ഈടാക്കാവൂ എന്നാണ് വിജ്ഞാപനം. ഒരു ദിവസം ജനറല് വാര്ഡില് ഒരു രോഗിക്ക് രണ്ട് പിപിഇ കിറ്റുകളുടെ വില മാത്രമേ ഈടാക്കാവൂ എന്നും വിജ്ഞാപനത്തില് പറയുന്നു.
1. ജനറല് വാര്ഡ്
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില് ഒരു ദിവസത്തെ നിരക്ക് – 2645 രൂപ, NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില് 2910 രൂപ.
2. HDU (ഹൈ ഡിപ്പന്ഡന്സി യൂണിറ്റ്)
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില് ഒരു ദിവസത്തെ നിരക്ക് – 3795 രൂപ, NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില് 4175 രൂപ.
3. ഐസിയു
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില് ഒരു ദിവസത്തെ നിരക്ക് – 7800 രൂപ, NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില് 8580 രൂപ.
4. വെന്റിലേറ്ററോട് കൂടി ഐസിയു
NABH അക്രഡിറ്റേഷന് ഇല്ലാത്ത ആശുപത്രികളില് ഒരു ദിവസത്തെ നിരക്ക് – 13800 രൂപ, NABH അക്രഡിറ്റേഷന് ഉള്ള ആശുപത്രികളില് 15180 രൂപ.
ഏതെങ്കിലും കാരണവശാല് അധിക നിരക്ക് ഈടാക്കുന്നതായി കണ്ടെത്തിയാല് ഡിഎംഒ അടക്കമുള്ള ഉന്നതാധികാരികള്ക്ക് പരാതി നല്കാം. നേരിട്ടോ ഇ-മെയില് വഴിയോ പരാതി നല്കാം. അമിതമായി ഈടാക്കിയതിന്റെ പത്തിരട്ടി പിഴയായി ആശുപത്രിയില്നിന്ന് ഈടാക്കും എന്നാണ് സര്ക്കാര് വിജ്ഞാപനത്തില് വ്യക്തമാക്കിയിരിക്കുന്നത്.
കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് അമിത നിരക്ക് ഈടാക്കുന്നതായി ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് സര്ക്കാര് കോടതിയില് നല്കിയ റിപ്പോര്ട്ടിലാണ് ചികിത്സാ നിരക്ക് നിജപ്പെടുത്തിക്കൊണ്ട് വിജ്ഞാപനം ഇറക്കിയിട്ടുള്ളതായി വ്യക്തമാക്കിയത്.
സിടി സ്കാന് അടക്കമുള്ള പരിശോധനകള്ക്ക് അധിക ചാര്ജ് ഈടാക്കാം. ജനറല് വാര്ഡില് രണ്ട് പിപിഇ കിറ്റ് മാത്രമേ ഒരു രോഗിക്ക് ഉപയോഗിക്കാവൂ എന്നും ഐസിയുവില് ആണെങ്കില് അഞ്ച് പിപിഇ കിറ്റുകള് വരെ ആകാമെന്നും വിജ്ഞാപനത്തില് വ്യക്തമാക്കുന്നുണ്ട്.
അതേസമയം, സര്ക്കാര് നിശ്ചയിച്ച നിരക്കില് കോവിഡ് ചികിത്സ സാധിക്കില്ലെന്ന് സ്വകാര്യ ആശുപത്രികള് കോടതിയില് വ്യക്തമാക്കി.