കെപിഎസിയുടെ രജതജൂബിലി നാടകമായ ഇന്നലെകളിലെ ആകാശത്തിൽ മരുത് എന്ന ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ച മേള രഘുവിന്റെ ജീവിതത്തെക്കുറിച്ച് ആ നാടകത്തിന്റെ സംവിധായകൻ
ഒരു കൊച്ചു മനുഷ്യൻ നായകനായ സിനിമയായിരുന്നു മേള. സർക്കസ് കൂടാരത്തിലെ ജീവിതം മികവോടെ പകർത്തി പ്രതിഭാധനനായ കെ ജി ജോർജ്. നായകൻ രഘു. സർക്കസ് കമ്പനിയിലെ അതിസാഹസികനായ ബൈക്ക് റൈഡറായി മമ്മൂട്ടിയും. 1980ൽ പുറത്തിറങ്ങിയ മേളയുടെ ടൈറ്റിലിൽ ആദ്യംതെളിഞ്ഞ പേര് രഘുവിന്റേത്. അങ്ങനെ പുത്തൻവെളി ശശിധരൻ ചലച്ചിത്രാസ്വാദകരുടെ പ്രിയപ്പെട്ട മേള രഘുവായി.
സംവിധായകന് അന്ന് വേണ്ടിയിരുന്നത് അഭിനയപാടവമുള്ള പൊക്കം കുറഞ്ഞ നായകനെ. ഒരുപാടുപേരെ കണ്ട് ബോഡി പ്രൊപ്പോഷൻസ് തൃപ്തികരമാകാതെ കാസ്റ്റിങ് പ്രതിസന്ധിയിലായി.അപ്പോഴാണ് രഘു എത്തിയത്. ശരിയായ ശരീര ഘടനയും മികവാർന്ന അഭിനയവും. രഘു സംവിധായകന്റെ മനക്കണ്ണിലെ കഥാപാത്രമായി മാറി. ചെങ്ങന്നൂർ സ്വദേശിയായ രഘു പഠനകാലത്ത് തന്നെ മിമിക്രിയിലും മോണോആക്ടിലും സജീവമായി. പ്രീഡിഗ്രി പൂർത്തിയാക്കുംമുമ്പ് ഭാരത് സർക്കസിൽ എത്തി.
കെപിഎസിയുടെ രജത ജൂബിലി നാടകമായ ഇന്നലെകളിലെ ആകാശത്തിൽ മരുത് എന്ന കഥാപാത്രമായി മേള രഘു
സർക്കസ് നല്ല ജീവിതം സമ്മാനിച്ചില്ലെങ്കിലും കൂടാരത്തിനകത്തെ സഹജീവികളോടുള്ള സ്നേഹസൗഹൃദങ്ങൾ രഘുവിനെ തമ്പിൽ പിടിച്ചു നിർത്തി. അങ്ങനെ കോഴിക്കോട്ടെ സർക്കസ് ദിനങ്ങളിലൊന്നിൽ ഒരു സിനിമാക്കാരൻ രഘുവിനെ കാണാനെത്തി. സർക്കസ് മാനേജരുടെ സമ്മതത്തോടെ രഘുവിനെ സിനിമയിലെത്തിച്ചു. തമ്പിൽനിന്ന് രഘുവിനെ സിനിമയിലെത്തിച്ച ആ സിനിമാക്കാരൻ അഭിനേതാവും സംവിധായകനുമായ ശ്രീനിവാസനായിരുന്നു. ഗോവിന്ദൻ എന്ന സർക്കസ് കോമാളിയുടെ സ്വകാര്യ ജീവിതവും വിവാഹശേഷം അയാൾ അനുഭവിക്കുന്ന അപകർഷതാബോധവും തുടർന്നുള്ള ആത്മഹത്യയുമാണ് മേളയുടെ പ്രമേയം. സിനിമ ഹിറ്റായതോടെ രഘു താരമായി. ആ കാലത്തായിരുന്നു ശ്യാമളയുമായുള്ള വിവാഹം. അപൂർവ സഹോദരങ്ങൾ എന്ന തമിഴ് ചിത്രത്തിൽ കമൽഹാസനൊപ്പം വേഷമിട്ട രഘു മുപ്പതോളം ചലച്ചിത്രങ്ങളിലൂടെ പൊക്കമില്ലായ്മയാണെൻ പൊക്കമെന്ന് അറിയിച്ചു. ദൃശ്യം-2ലാണ് അവസാനം അഭിനയിച്ചത്.
‘മേളയിലെ ഗോവിന്ദൻകുട്ടിയെപ്പോലെ ജീവിതത്തിലും നിഴൽ പോലെ പിന്തുടരുന്ന പ്രതിസന്ധികളും യാതനകളുമാണ് എന്റെ ജീവിതമെന്ന്’ അദ്ദേഹം വിഷാദം മറയ്ക്കുന്ന ചിരിയോടെ പറഞ്ഞിട്ടുണ്ട്. ശരീരപരിമിതികളെ അഭിനയശേഷികൊണ്ട് മറികടന്ന മേളരഘുവിന്റെ കൈയൊപ്പ് നാടകത്തിലും പതിഞ്ഞിട്ടുണ്ട്.
കാലം2002 ജൂൺ. – സ്ഥലം കെപിഎസി. അമ്പതാം നാടകമായ ‘ഇന്നലെകളിലെ ആകാശ’ത്തിന്റെ റിഹേഴ്സൽ ആരംഭദിനം. അഭിനേതാക്കൾക്ക് പുറമെ അന്നത്തെ കെപിഎസി ചെയർമാൻ പികെവിയും കണിയാപുരം രാമചന്ദ്രനും സുലോചനാമ്മയും കെപിഎസി സെക്രട്ടറി അഡ്വ. ഗോപിയും നാടക രചയിതാവ് ഫ്രാൻസിസ് ടി മാവേലിക്കരയും ഒത്തുചേർന്നിട്ടുണ്ട്. അവരുടെ സാന്നിധ്യത്തിലാണ് മേള രഘുവേട്ടനെ ആദ്യം കാണുന്നത്.
മേളയിലെ ഗോവിന്ദൻകുട്ടിയുടെ സഹനങ്ങളോട് തോന്നിയ സ്നേഹം രഘുവേട്ടനിലേക്കും പടരാൻ ഏറെ നേരമെടുത്തില്ല. കൈത്തൊഴിൽ നഷ്ടപ്പെടുന്ന തൊഴിലാളികളുടെ പാർശ്വവൽകൃത ജീവിതം ആവിഷ്കരിക്കുന്ന പ്രമേയമായിരുന്നു ഇന്നലെകളിലെ ആകാശത്തിന്റേത്. ആഗോളവൽക്കരണം സൃഷ്ടിച്ച വിപണി സംസ്കാരത്തിന്റെ ശിങ്കിടിയായി മാറുന്ന മരുത് എന്ന രണ്ട് ജീവിതാവസ്ഥകളെ പ്രതിനിധീകരിക്കുന്ന കഥാപാത്രത്തെയാണ് രഘുവേട്ടൻ അവതരിപ്പിച്ചത്. കെപിഎസിയിലെ മുതിർന്ന അഭിനേതാവ് ജോൺസൺ മാഷിനൊപ്പമുള്ള കുശവക്കുടിലിലെ കഥാപാത്രമായിട്ടായിരുന്നു മരുതിന്റെ ആദ്യ വരവ്. മരുതിന്റെ വരവോടെ നാടകം പ്രേക്ഷകരുടെ ആസ്വാദനക്ഷമതയെ ഒന്നുകൂടി കൈയിലെടുത്തുകൊണ്ടാണ് രംഗയാത്ര തുടരാറുള്ളത്. ആ വർഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച നാടകത്തിനും സംവിധായകനുമുള്ള പുരസ്കാരങ്ങളടക്കം അഞ്ച് അവാർഡ് കെപിഎസിക്ക് ലഭിച്ചതിൽ ജോൺസൺ മാഷിന്റെയും രഘുവേട്ടന്റെയും സാന്നിധ്യം വലിയ ഊർജമായി.
നാടകം രണ്ടു വർഷം കേരളത്തിലും പുറത്തും ഇരുനൂറിലേറെ വേദികളിൽ അരങ്ങേറി. ഇടയ്ക്ക് നാടകസംഘത്തെ കാണാനെത്തുമ്പോഴെല്ലാം ലീലാകൃഷ്ണനും മണിക്കുട്ടനും രഘുവേട്ടനുമൊത്തുള്ള നാടകജീവിതത്തിലെ രസങ്ങളും ഇണക്കവും പിണക്കങ്ങളും പറഞ്ഞു. ആഴത്തിൽ സ്നേഹിക്കും പോലെ പെട്ടന്ന് പിണങ്ങുന്ന പ്രകൃതവുമായിരുന്നു രഘുവേട്ടന്. പലവേള സഹപ്രവർത്തകരുമായി പിണങ്ങി പോകുവാനൊരുങ്ങിയതും ജോൺസൺ മാഷിന്റെ പിൻവിളിയിൽ തിരികെയെത്തി കെട്ടിപ്പിടിച്ചു കരഞ്ഞതും അവർ പറഞ്ഞു. ആ ചിരിപൂരത്തിൽ രഘുവേട്ടനും ചേർന്നു. നാളുകൾക്കുശേഷം നാടകാവതരണങ്ങൾ പൂർത്തിയാകാറായ ഒരു പാതിരാവിൽ ഒരാളുമായി പിന്നെയും പിണങ്ങി മുണ്ടും മടക്കിക്കുത്തി തോൾ സഞ്ചിയും തൂക്കി ആരോടും പറയാതെ രഘുവേട്ടൻ യാത്രയായി. പിന്നീട് തിരുവനന്തപുരത്തെ വീട്ടിൽ അദ്ദേഹം പലവേള വന്നു താമസിച്ചു.
ഒരിക്കൽ മമ്മൂക്കയുമൊത്തുള്ള മലേഷ്യൻ യാത്രയ്ക്കിടെ മേള രഘു സംസാരവിഷയമായി. ഇന്നലെകളിലെ ആകാശത്തിലെ മരുതിനെക്കുറിച്ചും രഘുവേട്ടനെക്കുറിച്ചും സംസാരിച്ചപ്പോൾ മമ്മൂക്ക പറഞ്ഞു, ‘അവൻ നല്ലവനാ, സഹായിക്കണം.’ ബാല്യകാലസഖി ചിത്രീകരണത്തിന് മുന്നേ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ രഘുവേട്ടന്റെ നമ്പർ തേടിയലഞ്ഞു, ഫലമുണ്ടായില്ല.
കോവിഡ് കാലത്തെ വേർപാടുകൾക്കിടയിൽ കനവുകൾ ബാക്കിവച്ച് മേളരഘുവെന്ന കലാകാരൻ യാത്രയാകുമ്പോൾ അദ്ദേഹമെന്നും കരുതലോടെ കണ്ടിരുന്ന കുടുംബം പ്രതിസന്ധിയിലാകുന്നുവെന്ന നേര് നമുക്കു മുന്നിലുണ്ട് . ചലച്ചിത്ര സംഘടനകളും സഹൃദയരും ഈ കുടുംബത്തോട് കനിവ്കാട്ടാതിരിക്കില്ലെന്നാണ് പ്രതീക്ഷ.