തിരുവനന്തപുരം> ഭൂമി ഇടപാടും നികുതിയും രേഖകളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഇനി ഒറ്റ വെബ്സൈറ്റ് വഴി. ഭൂമിവാങ്ങുന്നവർക്കും വിൽക്കുന്നവർക്കും ഓരോരോ വകുപ്പുകളിൽ കയറി ഇറങ്ങേണ്ടി വരില്ല. ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം പോർട്ടലായ ‘ഐലിംസ്’ വഴി ഇനി ഈ സേവനങ്ങൾ ലഭ്യമാവും.
രജിസ്ട്രേഷൻ, റവന്യു, സർവേ എന്നീ മൂന്നുവകുപ്പുകളുടെ സേവനങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടുവരുന്ന പോർട്ടലായ ‘ഐലിംസ്’ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഈ മാസം പ്രഖ്യാപിക്കും. ഭൂമിയുമായി ബന്ധപ്പെട്ട വ്യത്യസ്ത വകുപ്പുകളുടെ സേവനം ഒറ്റ വെബ് പോർട്ടലിൽ ലഭ്യമാക്കുകയാണ്.
പോക്കുവരവ് ചെയ്യാനും കൈവശാവകാശ സർട്ടിഫിക്കറ്റ് നേടാനുമെല്ലാം ഈ പോർട്ടൽ വഴി സാധിക്കും. പോക്കുവരവിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല. തർക്കങ്ങളോ വ്യവഹാരങ്ങളോ ഇല്ലാത്ത ഭൂമി സംബന്ധിച്ച ആധികാരികരേഖകൾക്ക് പല ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥ ഈ പോർട്ടൽ നിലവിൽ വരുന്നതോടെ മാറും.
റവന്യു, റജിസ്ട്രേഷൻ, സർവ്വെ, രേഖകൾ ഒറ്റ ക്ലിക്കിൽ
റവന്യൂവിന്റെ ‘റെലിസ്’, രജിസ്ട്രേഷന്റെ ‘പേൾ’, സർവേയുടെ ‘എന്റെ ഭൂമി’ എന്നീ പോർട്ടലുകളിലെ വ്യത്യസ്ത ലോഗിൻ വഴിയുള്ള ഇരുപതിലേറെ സേവനങ്ങളാണ് ഐലിംസിൽ ലഭ്യമാകുക. പേളിൽമാത്രം ലഭ്യമായിരുന്ന ബാധ്യതാ സർട്ടിഫിക്കറ്റ്, അടയാളസഹിത പകർപ്പ്, റെലിസിലെ കരമടയ്ക്കൽ, ബി.ടി.ആർ. (തണ്ടപ്പേര് രേഖ), എഫ്.എം.ബി. (ലൊക്കേഷൻ സ്കെച്ച്), കെ.ബി.ടി. (കെട്ടിടത്തിന്റെ അധികനികുതി), എന്റെ ഭൂമിയിലെ ഡിജിറ്റൽ സർവേ രേഖകൾ തുടങ്ങിയ സേവനങ്ങളൊക്കെ ഇനി ഐലിംസിൽ ലഭ്യമാകും.
സർക്കാരിന്റെ മൂന്നാം വാർഷികത്തിലെ നൂറുദിന കർമപദ്ധതിയിലാണ് പോർട്ടൽ ദ്രുതഗതിയിൽ ഒരുങ്ങുന്നത്. ഭൂമിഇടപാടും രേഖകളുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾക്കും അലച്ചിലിനും കാത്തിരിപ്പിനും ഇതോടെ പരിഹാരമാവുകയാണ്.