കൊല്ലം> യാത്രക്കാരുടെ ആവശ്യവും തിരക്കും പരിഗണിച്ച് കോട്ടയം പാതയില് പുതിയ മെമു സര്വീസ് ഇന്നുമുതല് ആരംഭിച്ചു. ദക്ഷിണ റെയില്വേ പ്രഖ്യാപിച്ച കൊല്ലം –എറണാകുളം അണ് റിസര്വ്ഡ് സ്പെഷ്യല് മെമുവാണ് തിങ്കളാഴ്ച ഓടിത്തുടങ്ങിയത്.
രാവിലെ 5.55ന് കൊല്ലം സ്റ്റേഷനില്നിന്ന് യാത്ര തിരിച്ച് 9.35ന് മെമു എറണാകുളം ജങ്ഷനില് എത്തിച്ചേരും. തിരികെ 9.50ന് എറണാകുളം സ്റ്റേഷനില്നിന്ന് പുറപ്പെട്ട് പകല് 1.30ന് കൊല്ലം സ്റ്റേഷനില് എത്തും. ശനിയും ഞായറും ഒഴികെ സര്വീസ് ഉണ്ടാകും.
കൊല്ലം വിട്ടാല് ജില്ലയില് ശാസ്താംകോട്ട, കരുനാഗപ്പള്ളി സ്റ്റേഷനില് മാത്രമായിരുന്നു സ്റ്റോപ്പ്. ഇതിനെതിരെ യാത്രക്കാരുടെ പ്രതിഷേധം ഉയര്ന്നതിനെത്തുടര്ന്ന് മണ്റോതുരുത്തും പെരിനാടും സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഇവിടങ്ങളില് സ്റ്റോപ്പ് അനുവദിച്ചതോടെ ആദ്യം പ്രഖ്യാപിച്ച സമയത്തിലും മാറ്റംവരുത്തിയിട്ടുണ്ട്.
കായംകുളം, മാവേലിക്കര, ചെങ്ങന്നൂര്, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, ഏറ്റുമാനൂര്, കുറുപ്പന്തറ, വൈക്കം, പിറവം റോഡ്, മുളന്തുരുത്തി, തൃപ്പൂണിത്തുറ എന്നിവയാണ് മറ്റ് സ്റ്റോപ്പുകള്.