അശോകൻ ചരുവിലിന്റെ ‘കാട്ടൂർകടവ്’ അടിസ്ഥാനപരമായി രാഷ്ട്രീയനോവലാണ്. ജീവിതയാഥാർഥ്യങ്ങളുടെ പച്ചമണ്ണിൽ ചുവടുറപ്പിച്ചുനിന്നുകൊണ്ടാണ് കാട്ടൂർകടവ് രചിച്ചിരിക്കുന്നത്. എന്തെല്ലാം പരീക്ഷണങ്ങളിലൂടെയും ഭാവുകത്വപരിണാമങ്ങളിലൂടെയും കടന്നുപോയാലും നോവൽ അടിസ്ഥാനപരമായി സാമൂഹികരേഖയാണ്. മനുഷ്യബന്ധങ്ങളെ സാമൂഹികജീവിതത്തിന്റെ പശ്ചാത്തലത്തിൽ വിമർശനപരമായി ചിത്രീകരിക്കുന്ന നോവലിൽ രാഷ്ട്രീയം പ്രധാന അന്തർധാരയായിത്തീരും. ആധുനിക-, ആധുനികാനന്തരഘട്ടത്തിലെ നോവൽ രചയിതാക്കൾ പലപ്പോഴും മറന്നുപോകുന്ന കാര്യമാണിത്.
മലയാളത്തിൽ രാഷ്ട്രീയം പ്രമേയമാകുന്ന കൃതികൾ മിക്കതും മുഖ്യധാരയിലെ ഇടതുപക്ഷരാഷ്ട്രീയത്തെ ഏകപക്ഷീയമായി പ്രതിസ്ഥാനത്തുനിർത്തുകയാണ് പതിവ്. എന്നാൽ ‘കാട്ടൂർകടവ്’ ഇടതുപക്ഷരാഷ്ട്രീയം അടിസ്ഥാനപ്രമേയമാക്കുമ്പോൾത്തന്നെ മാനുഷികയാഥാർഥ്യത്തിൽ ഊന്നിനിന്ന് വിശ്വാസത്തിന്റെയും വിമർശനത്തിന്റെയും സാധ്യതകൾ ഗുണപരമായി വിനിയോഗിക്കുന്നു.
കേരളത്തെ പിടിച്ചുലച്ച 2018ലെ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജന്മഗ്രാമമായ കാട്ടൂർദേശത്തെ മുഖ്യപശ്ചാത്തലമാക്കി രചിച്ച നോവൽ കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വിമർശനപരമായി പരിശോധിക്കുന്ന കൃതിയാണ്. പ്രസ്ഥാനത്തിന് ജീവൻ കൊടുത്ത സാധാരണമനുഷ്യരുടെ അനുഭവസത്യമാണ് നോവൽ ആവിഷ്കരിക്കുന്നത്.
കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി രൂപപ്പെട്ട് വളരാൻ തുടങ്ങിയിട്ട് ഒരു നൂറ്റാണ്ടാകുന്നു. സമൂഹത്തിൽ വലിയ പരിവർത്തനങ്ങൾക്ക് വഴിയൊരുക്കിയ പ്രസ്ഥാനം ഒരു നൂറ്റാണ്ടിനിടയിൽ ഉണ്ടാക്കിയ മാറ്റങ്ങൾ ബഹുമുഖമാണ്. പാർടി പ്രവർത്തകരും മനുഷ്യരാണ്. അവരുടെ പ്രവർത്തനങ്ങളിൽ തെറ്റും ശരിയും ഉണ്ടാകും. പല ഘട്ടത്തിലും അധികാരം കൈയാളുന്നവരിൽനിന്ന് അപചയങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ വിയോജിപ്പുകൾ പിളർപ്പുകൾ സൃഷ്ടിച്ചിട്ടുണ്ട്. ജാതി എന്ന അതിശക്തമായ സാമൂഹികഘടകത്തെ ശരിയായ നിലയിൽ അഭിസംബോധന ചെയ്തിട്ടുമില്ല. സമൂഹത്തിന്റെ ബലതന്ത്രത്തെ നിർണയിക്കുന്ന ഇത്തരം കാര്യങ്ങൾ നമ്മുടെ കഥാസാഹിത്യവും നോവലും വേണ്ടവണ്ണം കൈകാര്യം ചെയ്തിട്ടില്ല.
കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാഗമായി നടന്ന സമരങ്ങളുടെയും മറ്റും കഥകൾ പ്രമേയമായിട്ടുണ്ടെങ്കിലും കേരളത്തിലെ കമ്യൂണിസ്റ്റ് ജീവിതത്തെ വിമർശനപരമായും സ്വയംവിമർശനപരമായും ആവിഷ്കരിക്കുന്ന സാരമായ നോവലുകളൊന്നും ഉണ്ടായിട്ടില്ല. ആ നിലയിൽ വിമർശനവും സ്വയംവിമർശനവും പ്രമേയമായി സ്വീകരിച്ച നോവലാണ് കാട്ടൂർകടവ്.
നോവലിന്റെ ശിൽപ്പതലത്തിലും കാട്ടൂർകടവ് പുതുമ പുലർത്തുന്നു. നോവലിലെ കേന്ദ്രകഥാപാത്രങ്ങൾ ദലിത് പശ്ചാത്തലത്തിൽനിന്ന് ഉയർന്നുവന്ന കർഷകത്തൊഴിലാളിയായ പാർടി പ്രവർത്തക പി കെ മീനാക്ഷിയും മകൻ ദിമിത്രിയുമാണ്. സമീപകാല മലയാളനോവൽ കണ്ട ശക്തയായ സ്ത്രീകഥാപാത്രമാണ് തീവ്രമായ ജീവിതദുരന്തങ്ങളിലൂടെ കടന്നുപോയ മീനാക്ഷി. എല്ലാ വ്യക്തിദുരന്തങ്ങൾക്കു മുകളിലും മീനാക്ഷിയുടെ പാർടിക്കൂറിന്റെ ചുരുട്ടിയ മുഷ്ടി ഉയർന്നുനിൽക്കുന്നു. അവരുടെ പരാജയപ്പെട്ട പ്രണയ(മിശ്ര)വിവാഹദാമ്പത്യത്തിലെ മകനായ ദിമിത്രിക്ക് പ്രതിനായകപരിവേഷമുണ്ട്. അയാളെ അങ്ങനെയാക്കിത്തീർത്തതിൽ ജാതി, അഴിമതി തുടങ്ങിയ ഒട്ടേറെ പ്രതിലോമ സാമൂഹികഘടകങ്ങൾക്ക് പങ്കുണ്ട്. അവയുടെയെല്ലാം ഇരയായ ദുരന്തകഥാപാത്രമാണയാൾ.
മീനാക്ഷിയുടെ പിതാവ് നാടൻകലാകാരനും മന്ത്രവാദിയും കമ്യൂണിസ്റ്റുമായ കണ്ടക്കുട്ടിയാശാൻ, ദിമിത്രിയെ ബാല്യത്തിൽ കുറെക്കാലം വളർത്തിയ അച്ഛമ്മ പുല്ലാനിക്കാട്ടെ വല്യമ്മ തുടങ്ങി വ്യക്തിത്വമുള്ള കഥാപാത്രങ്ങളുടെ വലിയ നിര ഈ നോവലിലുണ്ട്. നോവലിലെ ആഖ്യാനത്തെ മുന്നോട്ടു കൊണ്ടുപോകുന്ന കെ എന്ന എഴുത്തുകാരന്റെ ഫെയ്സ്ബുക് പോസ്റ്റുകളോട് പ്രതികരിക്കുന്ന ഡി കാട്ടൂർകടവ് എന്ന ഐഡിക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്നത് അയാളുടെ ഉള്ളിൽത്തന്നെയുള്ള അപരാത്മാവാണ് എന്നുകരുതാം. വിശ്വാസത്തിന്റെയും വിമർശനത്തിന്റെയും രണ്ടുതലങ്ങൾ ഈ ദ്വന്ദങ്ങളിലൂടെ ആവിഷ്കരിച്ചിരിക്കുന്നത് നോവലിന്റെ കലാതന്ത്രത്തിലെ സവിശേഷതയാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തെ മനുഷ്യാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിമർശനാത്മകമായി ആവിഷ്കരിക്കുന്ന ‘കാട്ടൂർകടവ്’ മലയാള നോവലിലെ ശ്രദ്ധേയമായ നാഴികക്കല്ലാണ്.