ദുബായ്: ആവേശം നിറഞ്ഞ വനിതാ ടി20 ലോകകപ്പിലെ ത്രില്ലർ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യൻ ടീം. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനോടു അപ്രതീക്ഷിത തോൽവി വഴങ്ങിയ ഇന്ത്യൻ ടീം രണ്ടാം പോരാട്ടത്തിൽ പാകിസ്ഥാനെ ആറ് വിക്കറ്റിന് തകർത്തെറിഞ്ഞാണ് അനായാസ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ എട്ട് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. വിജയം തേടിയിറങ്ങിയ ഇന്ത്യൻ വനിതകൾ ഏഴ് പന്തുകൾ ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തിൽ 108 റൺസെടുത്താണ് വിജയം സ്വന്തമാക്കിയത്.
ഓപ്പണർ സ്മൃതി മന്ധാന ഏഴ് റൺസ് നേടി പുറത്തായത് ഇന്ത്യൻ ടീമിനെ ഞെട്ടിച്ചു. എന്നാൽ, മറുഭാഗത്ത് ഷെഫാലി വർമ തകർപ്പൻ ബാറ്റിങ് പുറത്തെടുത്തു. മൂന്ന് ഫോറുകൾ സഹിതം ഷെഫാലി 32 റൺസ് സമ്മാനിച്ച് മടങ്ങി. രണ്ടാം വിക്കറ്റിൽ ജെമിമ റോഡ്രിഗസിനെ കൂട്ടുപിടിച്ച് ഷെഫാലി 45 റൺസ് ബോർഡിൽ ചേർത്താണ് മടങ്ങിയത്. പിന്നീട് ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് ജെമിമയ്ക്ക് മികച്ച പിന്തുണ നൽകി. അതിനിടെ ജെമിമ 23 റൺസെടുത്തു മടങ്ങി.
ജെമിമയ്ക്ക് പിന്നാലെ എത്തിയ റിച്ച ഘോഷ് ഗോൾഡൻ ഡക്കായി പുറത്തായതോടെ ഇന്ത്യ ഞെട്ടി. എന്നാൽ ഒരറ്റത്ത് ഹർമൻപ്രീത് ഉറച്ചു നിന്നതോടെ ഇന്ത്യ ജയം കൈവിട്ടില്ല. ഹർമൻപ്രീത് 24 പന്തിൽ 29 റൺസുമായി നിൽക്കെ താരം റിട്ടയേർട് ഹർട്ടായി മടങ്ങി.ഹർമൻപ്രീത് കൗർ മടങ്ങിയതിനു പിന്നാലെ മലയാളി താരം സജന സജീവനാണ് ക്രീസിലെത്തിയത്. താരം നേരിട്ട ആദ്യ പന്തിൽ തന്നെ വിജയിക്കാൻ ആവശ്യമായ രണ്ട് റൺസ് ഫോറടിച്ച് നേടി.
നേരത്തെ, ടോസ് നേടിയ പാക്കിസ്ഥാൻ ടീം ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഒരുറണ്ണിൽ നിൽക്കെ പാകിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഒന്നാം ഓവറിലെ ആറാം പന്തിൽ രേണുക സിങ് പാക് ഓപ്പണർ ഗുൽ ഫെറോസയെ പൂജ്യത്തിന് മടക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ അവർക്ക് വിക്കറ്റുകൾ നഷ്ടമായി.
മറ്റൊരു ഓപ്പണർ മുനീബ അലി (17) പൊരുതി നിന്നെങ്കിലും അധികം നീണ്ടില്ല. പിന്നീട് എട്ടാം വിക്കറ്റിൽ ഒന്നിച്ച പരിചയ സമ്പന്നയായ നിദ ദർ (28), സയ്ദ അരൂബ് ഷാ ( പുറത്താകാതെ 14) എന്നിവരുടെ ബാറ്റിങാണ് അവരെ വൻ തകർച്ചയിൽ നിന്നു രക്ഷിച്ചത്. ക്യാപ്റ്റൻ ഫാത്തിമ സന എട്ട് പന്തിൽ 13 റൺസുമായി മികച്ച തുടക്കമിട്ടെങ്കിലും അതും അധികം നീണ്ടില്ല. ഒൻപതാം താരമായി ക്രീസിലെത്തിയ നസ്ര സന്ധു രണ്ട് പന്തിൽ ആറ് റൺസെടുത്ത് സ്‌കോർ 105ൽ എത്തിച്ചു.
ഇന്ത്യക്കായി അരുന്ധതി റെഡ്ഡി മിന്നും ബൗളിങുമായി കളം വാണു. താരം നാല് ഓവറിൽ 19 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കി. ശ്രേയങ്ക പാട്ടീലും തിളങ്ങി. നാല് ഓവറിൽ 12 റൺസ് മാത്രം വഴങ്ങി ശ്രേയങ്ക രണ്ട് വിക്കറ്റുകൾ വീഴ്ത്തി. മലയാളി താരം ആശ ശോഭന നാല് ഓവറിൽ 24 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു.
Read More
- ബംഗ്ലാദേശിനെതിരെ ഓപ്പണറാകാൻ സഞ്ജു? താരത്തെ തേടിയെത്തുന്നത് മറ്റൊരു അവസരവും
- ടി20 വനിതാ ലോകകപ്പ്; ഇന്ത്യയ്ക്ക് തോൽവിയോടെ തുടക്കം
- ഭാരം നിയന്ത്രണം, കായികതാരമെന്ന നിലയിൽ തൻ്റെ ഉത്തരവാദിത്വം: മേരി കോം
- ആ കാര്യത്തിൽ രോഹിത് ശർമ്മ സ്വിസ് വാച്ചു പോലെ വിശ്വസ്തനെന്ന് പരിശീലകൻ
- പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായക സ്ഥാനം രാജിവച്ച് ബാബർ അസം
- ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ; ഐതിഹാസിക വിജയം, പരമ്പര
- ഐപിഎല്‍ 2025: ധോണിയുടെ ഭാവി തുലാസില്‍; ബിസിസിഐ തീരുമാനം കാത്ത് ചെന്നൈ സൂപ്പർ കിങ്സ്