തൃശൂർ > സർവകലാശാല നിശ്ചയിക്കുന്ന സമയത്ത് പരീക്ഷ എഴുതാൻ കഴിയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ആശങ്ക ഇനി വേണ്ട. താൽപ്പര്യമുള്ളപ്പോൾ പരീക്ഷ എഴുതുവാനുള്ള സൗകര്യം ഒരുക്കുകയാണ് ശ്രീനാരായണ ഓപ്പൺ സർവകലാശാല. ഇതിനായി ‘എക്സാം ഓൺ ഡിമാൻഡ്’ എന്ന പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ്. പഠിതാക്കൾക്ക് പരീക്ഷ എഴുതാൻ അവർക്ക് സ്വീകാര്യമായ ദിവസവും സമയവും തെരഞ്ഞെടുക്കാം. ഇതനുസരിച്ച് സർവകലാശാലയുടെ അംഗീകൃത സ്ഥലങ്ങളിൽ പരീക്ഷ എഴുതാനുള്ള സജീകരണം ഒരുക്കും. പദ്ധതിക്ക് സിൻഡിക്കേറ്റ് അനുമതി നൽകി.
നടത്തിപ്പിനായുള്ള പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. അടുത്ത അധ്യയന വർഷം മുതൽ എക്സാം ഓൺ ഡിമാൻഡ് നടപ്പാക്കാനാണ് തീരുമാനം. പദ്ധതി നടത്തിപ്പിനായി ഡിജിറ്റൽ സർവകലാശാല ഇആർപി എന്ന പ്രത്യേക സോഫ്റ്റവെയർ തയ്യാറാക്കും. പദ്ധതിയ്ക്കായി തയ്യാറാക്കുന്ന ചോദ്യ ബാങ്കിൽ നിന്നാണ് ചോദ്യ പേപ്പർ തയ്യാറാക്കുക. ഈ പ്രവർത്തനങ്ങൾക്കും തുടക്കമായി. സർവകലാശാല നടപ്പാക്കിയ ‘ഓപ്പൺ ബുക്ക് ടെസ്റ്റി’ന് വലിയ സ്വീകാര്യത ലഭിച്ചതിനു പിന്നാലെയാണ് ‘എക്സാം ഓൺ ഡിമാന്റ്’ നടപ്പാക്കാൻ തീരുമാനിച്ചത്.
ജോലിക്കാരും വിദേശത്തുള്ളവരടക്കമുള്ള സർവകലാശാലയുടെ പഠിതാക്കളുടെ വിദ്യാഭ്യാസം കൂടുതൽ എളുപ്പമാക്കാനാണ് പദ്ധതി ആവിഷ്കരിച്ചത്. പഠിക്കാൻ താൽപര്യമുള്ളവർക്കും എപ്പോൾ വേണമെങ്കിലും എവിടെ ഇരുന്നും പഠിക്കാനുള്ള സൗകര്യമൊരുക്കുക എന്ന ആശയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് വൈസ് ചാൻസിലർ വി പി ജഗതി രാജ് പറഞ്ഞു.