സന > യെമനിൽ ഹൂതി മിലിഷ്യകളുടെ സൈനിക കേന്ദ്രങ്ങൾ ഉൾപ്പെടെ 15 ഇടത്ത് അമേരിക്കൻ വ്യോമാക്രമണം. തലസ്ഥാനമായ സന, ഹൊദൈദ വിമാനത്താവളം, ധമർ നഗരം, അൽ-ബൈദ പ്രവിശ്യ എന്നിവിടങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയതായി ഹൂതി നിയന്ത്രണത്തിലുള്ള അൽമാസിറ ടിവി അറിയിച്ചു.
ഹൂതി സൈനിക പോസ്റ്റുകളിലും വിമാനതാവളത്തിലും സ്ഫോടന ശബ്ദം കേട്ടതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു ആക്രമണം. ഇറാൻ പിന്തുണയുള്ള ഹൂതികളുടെ ആയുധ സംവിധാനങ്ങളും താവളങ്ങളും മറ്റ് ഉപകരണങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് പശ്ചിമേഷ്യയിലെ യുഎസ് സൈനിക പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സെൻട്രൽ കമാൻഡ് പറഞ്ഞു. യെമൻ ആക്രമണത്തിന് പോർവിമാനങ്ങളും യുദ്ധക്കപ്പലുകളും ഉപയോഗിച്ചതായി പെന്റഗൺ പറഞ്ഞു. ആദ്യമായാണ് അമേരിക്ക യെമനിൽ ഇത്രയും വലിയ ആക്രമണം നടത്തുന്നത്.
പശ്ചിമേഷ്യയിലെ വികസിക്കുന്ന യുദ്ധഭൂമികളിൽ അമേരിക്കൻ ഇടപെടൽ വർദ്ധിക്കുന്നതിന്റെ സൂചനയായി മാറി പുതിയ സംഭവവികാസങ്ങൾ. പലസ്തീനും ലബനനും ഐക്യദാർഢ്യം പ്രഖ്യാപിച്ച് സനയിലെ അൽ-സബീൻ സ്ക്വയറിൽ ആയിരങ്ങൾ തെരുവിലിറങ്ങിയതിന് പിന്നാലെയാണ് യുഎസ് ആക്രമണം.