തിരുവനന്തപുരം
പകർച്ചവ്യാധി പ്രതിരോധം ഉറപ്പാക്കാൻ ഏകാരോഗ്യ സമീപനത്തിന്റെ ഭാഗമായി രോഗവ്യാപന കാരണം കണ്ടെത്താൻ സംയോജിത പരിശോധനാ സംവിധാനം എല്ലാ ജില്ലയിലും നടപ്പിലാക്കും. മനുഷ്യനെ ഗുരുതരമായി ബാധിക്കാവുന്ന രോഗങ്ങളുടെ വ്യാപനം കണ്ടെത്താനും സ്ഥിരീകരിക്കാനും ആവശ്യമായ നിയന്ത്രണ മാർഗങ്ങൾ സ്വീകരിക്കാനുമാണ് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ സംയോജിതമായി പരിശോധന നടത്തുന്നത്.
പ്രവർത്തന മാർഗരേഖ തയ്യാറാക്കി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ നാല് ജില്ലയിലാണ് ഫീൽഡുതല പരിശോധന നടത്തിയത്. ജില്ലകളിൽ റിപ്പോർട്ട് ചെയ്ത പകർച്ചവ്യാധികളുടെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഫീൽഡുതല പരിശോധന സംഘടിപ്പിച്ചത്. ആദ്യഘട്ടം വിജയകരമായി പൂർത്തിയായതിനെ തുടർന്നാണ് രാജ്യത്ത് ആദ്യമായി സംസ്ഥാനത്ത് എല്ലാ ജില്ലയിലും ഇത് നടപ്പിലാക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി.
കോട്ടയം ജില്ലയിൽ എലിപ്പനി, ആലപ്പുഴയിൽ പക്ഷിപ്പനി, ഇടുക്കിയിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്), പത്തനംതിട്ട ജില്ലയിൽ ജലജന്യ രോഗങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫീൽഡുതല പരിശോധനയാണ് നടത്തിയത്. ആർദ്രം മിഷൻ രണ്ടാംഘട്ട പ്രവർത്തനങ്ങളിലെ പ്രധാന പദ്ധതിയാണ് ഏകാരോഗ്യം അഥവാ വൺ ഹെൽത്ത്. മനുഷ്യന്റെ ആരോഗ്യത്തിനോടൊപ്പം മൃഗങ്ങളുടേയും പ്രകൃതിയുടേയും ആരോഗ്യം ഉറപ്പുവരുത്തി പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം നിപാ പ്രതിരോധത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിൽ കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപാ റിസർച്ചും ആരംഭിച്ചു.