കോട്ടയം > ജീവിതമെന്നാൽ ഒരു വർണചിത്രമായിരുന്നു ബാവൻസ് ഗ്രൂപ്പ് സ്ഥാപകൻ ജേക്കബ് ചെറിയാൻ എന്ന ജെ സി ബാവന്. സിനിമയിലെ നായകനാകാനുള്ള അവസരം പോലും തട്ടിത്തെറിപ്പിച്ചത് ഫോട്ടോഗ്രഫിയെ കൈവിടാനുള്ള മടികൊണ്ടായിരുന്നു. കോട്ടയത്ത് ബാവൻസ് സ്റ്റുഡിയോ തുടങ്ങിയതുമുതൽ അദ്ദേഹത്തിന്റെ മനസ് മറ്റെങ്ങോട്ടും മാറിയിട്ടില്ല. 1965ലിറങ്ങിയ “ഭൂമിയിലെ മാലാഖ” എന്ന ചിത്രത്തിൽ നായകനാകാൻ സംവിധായകൻ ആദ്യം സമീപിച്ചത് ബാവനെയായിരുന്നു. അദ്ദേഹം ആ അവസരം സ്വീകരിക്കാതിരുന്നതും ആ ചിത്രത്തിൽ പ്രേം നസീർ നായകനായതും ചരിത്രം.
കളർ ഫോട്ടോഗ്രഫി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച ബാവൻ കോട്ടയത്ത് ബാവൻസ് സ്റ്റുഡിയോ തുടങ്ങിയത് 1953ലാണ്. ബസേലിയസ് കോളേജിന് സമീപത്താരംഭിച്ച സ്റ്റുഡിയോ രണ്ടു വർഷത്തിന് ശേഷം വൈഎംസിഎ റോഡിലേക്ക് മാറി. ഇതിപ്പോഴും ഇവിടെയുണ്ട്. 1970കളുടെ അവസാനം എറണാകുളം എംജി റോഡിലും പിന്നീട് തിരുവനന്തപുരത്തും സ്റ്റുഡിയോ തുടങ്ങി. കോട്ടയം കഞ്ഞിക്കുഴിയിലെ സ്റ്റുഡിയോ തുടങ്ങിയത് 1992ലാണ്.
സ്റ്റുഡിയോയുടെ കൂടെ ഫോട്ടോഗ്രഫി ഉപകരണങ്ങളുടെ വിൽപനയും ആരംഭിച്ചപ്പോൾ വലിയ ലാഭമുണ്ടാക്കാനുള്ള അവസരമാണെന്ന് പലരും അദ്ദേഹത്തെ ഉപദേശിച്ചു. പക്ഷേ ഫോട്ടോഗ്രഫി പരമാവധി ആളുകളിലെത്തണം എന്ന ഉദ്ദേശം മൂലം മിതമായ വില മാത്രമേ ഈടാക്കിയിരുന്നുള്ളൂ. കാലം മാറുന്നതനുസരിച്ച് സ്വന്തം സ്റ്റുഡിയോയും ആധുനികവൽകരിച്ചു. സ്റ്റുഡിയോയിൽ ഫോട്ടോയെടുക്കാൻ എത്തുന്നവർക്ക് ആദ്യമായി ഒറ്റദിവസംകൊണ്ട് കളർ ഫോട്ടോ കൊടുത്തതും ബാവൻ തന്നെ. “പഴയത് കെട്ടിപ്പിടിച്ചിരിക്കുകയല്ല, അടുത്തത് എന്ത് എന്നു ചിന്തിക്കുകയാണ് വേണ്ടത്” എന്നായിരുന്നു മക്കൾക്ക് അദ്ദേഹം കൊടുത്തിരുന്ന ഉപദേശം.
ജേക്കബ് ചെറിയാന്റെ സംസ്കാരം ശനി പകൽ 1.30ന് കോട്ടയം സിഎസ്ഐ കത്തീഡ്രൽ സെമിത്തേരിയിൽ നടക്കും.