തിരുവനന്തപുരം
സംസ്ഥാനത്തെ തോട്ടങ്ങളിൽ ഫലവൃക്ഷങ്ങളും വിദേശ പഴവർഗങ്ങളും കൃഷി ചെയ്യണമെന്ന് ഐഐഎം പഠന റിപ്പോർട്ട്. ഉഷ്ണമേഖലയിൽ വളരുന്നതും സവിശേഷ സ്വഭാവമുള്ളവയ്ക്കാണ് അനുമതി നൽകേണ്ടത്. പത്തു വർഷമെങ്കിലും ആയുർദൈർഘ്യമുള്ളവയാകണം ഇവയെന്നും റിപ്പോർട്ടിലുണ്ട്. ഐഐഎം കോഴിക്കോട് തയ്യാറാക്കിയ പഠന റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. വ്യവസായ മന്ത്രി പി രാജീവും ഒപ്പമുണ്ടായിരുന്നു.
കേരളത്തിലെ തോട്ടംമേഖലയുടെ പുരോഗതി മുന്നിൽകണ്ടുള്ള നിരവധി നിർദ്ദേശങ്ങളും റിപ്പോർട്ടിലുണ്ട്. തോട്ടംമേഖലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ വൈവിധ്യവൽക്കരണവും മൂല്യവർധനവും പ്രോത്സാഹിപ്പിക്കണം. തോട്ടമുടമകളുടെ താൽപര്യപ്രകാരം അനുയോജ്യമായ വിളകൾ അനുവദിക്കണം. സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികളും ഇതിൽ ശുപാർശ ചെയ്തിട്ടുണ്ട്. തോട്ടവിളകളിലും അനുബന്ധ ഉല്പന്നങ്ങളിലും കേരള ബ്രാൻഡ് കൊണ്ടുവരാൻ പിപിപി മോഡൽ പ്രോത്സാഹിപ്പിക്കണം. ഈസ് ഓഫ് ഡൂയിങ് ബിസിനസ് തോട്ടം മേഖലയിലും പ്രവർത്തികമാക്കണം. ഇതിന് ഏകജാലക അനുമതി സംവിധാനം കൊണ്ടുവരണം.
തോട്ടംമേഖലയിൽ നിലവിലുള്ള അഞ്ച് ശതമാനം ഇളവ് നിരവധി നിബന്ധനകളോടെയാണ് അനുവദിക്കുന്നത്. ഈ നിയന്ത്രണം പൂർണമായും ഒഴിവാക്കുന്നതുവഴി വൈവിധ്യവൽക്കരണം കൂടുതൽ കാര്യക്ഷമമാക്കാം. ഇഎസ്ഐ സംവിധാനം എല്ലാ തോട്ടം തൊഴിലാളികൾക്കും ബാധകമാക്കണം. പരിസ്ഥിതി ടൂറിസം പ്രോത്സാഹിപ്പിക്കണം. തോട്ടം മഖലയുടെ പ്രത്യേക സ്വഭാവവും സ്വാഭാവികതയും നിലനിർത്തിയാവണം നടപ്പാക്കേണ്ടത് എന്നും റിപ്പോർട്ടിലുണ്ട്.
നിർദേശങ്ങൾ പരിശോധിച്ച് ബന്ധപ്പെട്ട എല്ലാവരുമായി ചർച്ച ചെയ്തശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. രാജ്യത്ത് ആദ്യമായി പ്ലാന്റേഷൻ മേഖലയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് സംസ്ഥാനത്ത് രൂപീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് സമഗ്രമായ പഠനം നടത്താൻ ഐഐഎമ്മിനെ ചുമതലപ്പെടുത്തിയത്. ഐഐഎം പ്രൊഫസർമാരായ എസ് വെങ്കട്ടരാമൻ, അശുതോഷ് സർക്കാർ എന്നിവരാണ് പഠനം നടത്തിയത്.