തൃശൂർ
തൃശൂരിൽ മൂന്നിടത്ത് നടന്ന എടിഎം കവർച്ചാക്കേസിലെ പ്രതികളെ തമിഴ്നാട് ജയിലിൽനിന്നും കേരളാ പൊലീസ് കസ്റ്റഡിയിൽ വാങ്ങി. തൃശൂരിലെ കവർച്ച കഴിഞ്ഞ് പോകവെ തമിഴ്നാട്ടിൽ പൊലീസുകാരെ വധിക്കാൻ ശ്രമിച്ച കേസിൽ സേലം സെൻട്രൽ ജയിലിൽ കഴിഞ്ഞിരുന്ന ഹരിയാന പൽവാൽ ജില്ലക്കാരായ മുഹമ്മദ് ഇക്രാം, തെഹ്സിൽ ഇർഫാൻ, മുബാറക് ആദം, സാബിർ ഖാൻ, ഷൗക്കീൻ എന്നിവരെയാണ് തൃശൂർ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ തൃശൂരിൽ എത്തിച്ചു. ചേർപ്പിലെ എടിഎമ്മും കൊള്ളയടിക്കാൻ ലക്ഷ്യമിട്ടിരുന്നതായി പ്രതികൾ മൊഴിനൽകി.
കവർച്ചയുടെ സൂത്രധാരനായിരുന്നു മുഹമദ് ഇക്രാം നേരത്തെ തൃശൂരിലെത്തി കവർച്ച ചെയ്യേണ്ട എടിഎമ്മുകൾ ഗൂഗിൾമാപ്പ് വഴി കണ്ടെത്തിയിരുന്നു. മാപ്രാണം കവർച്ചക്കുശേഷം ചേർപ്പിലെ എടിഎം ലക്ഷ്യമിട്ടു. ബാങ്കിന്റെ സുരക്ഷാ സംവിധാനങ്ങൾ മൂലം നടന്നില്ലെന്നും പൊലീസ് പറഞ്ഞു. ഷൊർണൂർ റോഡിലെ എടിഎം കവർച്ചാ കേസിൽ വെള്ളിയാഴ്ച രാവിലെ 9.30നാണ് സേലം സെൻട്രൽ ജയിലിൽനിന്നും പ്രതികളെ വിട്ടുകിട്ടിയത്. പ്രത്യേക പൊലീസ് വാനിൽ കനത്ത സുരക്ഷയോടെയാണ് പകൽ രണ്ടരയോടെ തൃശൂരിൽ എത്തിച്ചത്. തൃശൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ചുദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു നൽകി. ശനിയാഴ്ച മുതൽ തെളിവെടുപ്പ് ആരംഭിക്കുമെന്ന് കമീഷണർ ആർ ഇളങ്കോ പറഞ്ഞു. കവർച്ച ചെയ്ത പണം, കണ്ടയ്നർലോറി, കാർ പ്രതികളുടെ ആയുധങ്ങൾ എന്നിവ കസ്റ്റഡിയിലെടുക്കാനും തുടർനടപടികൾ സ്വീകരിക്കും.
തൃശൂർ ഈസ്റ്റ് പൊലീസിനു പിന്നാലെ റൂറൽ പൊലീസും പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മാപ്രാണത്ത് നടന്ന കവർച്ചാക്കേസിൽ ഇരിങ്ങാലക്കുട പൊലീസും കോലഴിയിൽ നടന്ന കവർച്ചാക്കേസിൽ വിയ്യൂർ പൊലീസും പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. മോഷണസംഘവും പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കണ്ടെയ്നർ ഡ്രൈവർ ജുമാലുദ്ദീൻ (37) കൊല്ലപ്പെട്ടിരുന്നു ഇയാളുടെ സഹായി ഹരിയാന സ്വദേശി ആസർ അലി (30)യുടെ കാൽ മുറിച്ചുമാറ്റിയിരുന്നു. ചികിത്സയിൽ കഴിയുന്ന ആസർ അലിയേയും ചോദ്യം ചെയ്യും. തമിഴ്നാട്ടിൽ പൊലീസിനെ വധിക്കാൻ ശ്രമിച്ച കേസിനു പുറമെ തമിഴ്നാട് കൃഷ്ണഗിരി ഉൾപ്പെടെ രാജ്യത്തെ മറ്റു എടിഎം കവർച്ചാക്കേസുകളിലും പ്രതികൾക്ക് ബന്ധമുണ്ടെന്നാണ് സൂചന.