തിരുവനന്തപുരം
ജോലി വാഗ്ദാനംചെയ്ത് എട്ടുപേരിൽ നിന്ന് 25 ലക്ഷത്തോളം രൂപ തട്ടിയ കോൺഗ്രസ് സംഘടനാ നേതാവിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. കേരള സെക്രട്ടറിയറ്റ് അസോസിയേഷൻ നേതാവും മുൻ സംസ്ഥാന പ്രസിഡന്റുമായ തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശി കെ കെ ശ്രീലാലിനെയാണ് പൊതുഭരണവകുപ്പ് പിരിച്ചുവിട്ടത്. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്നും പൊതുജനങ്ങളിൽനിന്ന് അനധികൃതമായി പണം കൈപ്പറ്റിയെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
പൊതുഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ശ്രീലാൽ 2019–-20 കാലത്ത് ഡെപ്യൂട്ടേഷനിൽ ഇടുക്കി മെഡിക്കൽ കോളേജിലെ സീനിയർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരിക്കെ സ്ഥാപനത്തിലെ അറ്റൻഡർ, ക്ലർക്ക് തസ്തികകളിൽ ജോലി വാഗ്ദാനംചെയ്താണ് പണം തട്ടിയത്. അന്വേഷണ വിധേയമായി നാലുവർഷത്തോളമായി സസ്പെൻഷനിലായിരുന്നു. ഗൂഗിൾ പേ വഴി പരാതിക്കാരിൽനിന്ന് പണം വാങ്ങിയതടക്കം തെളിവുണ്ട്.
പണം നഷ്ടമായ എട്ടുപേരിൽ ഇടുക്കി സ്വദേശികളായ ടി എം അഭിജിത്, അഭിജാത് പി ചന്ദ്രൻ, ടി എം ആദർശ് എന്നിവർ മാത്രമാണ് പരാതി നൽകിയത്. ഇയാൾ കുറ്റം ചെയ്തതായി തെളിഞ്ഞുവെന്ന് സംസ്ഥാന പൊലീസ് മേധാവിയും റിപ്പോർട്ട് ചെയ്തു.