ന്യൂഡൽഹി> മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മൊയ്സു ഒക്ടോബർ ആറിന് ഇന്ത്യ സന്ദർശിക്കും. ആറ് മുതൽ 10 വരെയായിരിക്കും അദ്ദേഹം ഇന്ത്യയിലുണ്ടാവുകയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ ഉഭയകക്ഷി സന്ദർശനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് മൊയ്സു ഈ വർഷം ജൂണിൽ ഇന്ത്യയിലെത്തിയിരുന്നു.
ചൈന അനുകൂല നിലപാടുള്ള സർക്കാരാണ് മൊയ്സുവിന്റേത്. അതിനാൽ തന്നെ കഴിഞ്ഞ വർഷം അവസാനം മൊഹമ്മദ് മൊയ്സു പ്രസിഡന്റായി ചുമതലയേറ്റതിന് പിന്നാലെ മാലദ്വീപുമായുള്ള ഇന്ത്യയുടെ ബന്ധത്തിൽ വിള്ളലുണ്ടായി. സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ, മാലദ്വീപിൽ നിലയുറപ്പിച്ച പ്രതിരോധ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അദ്ദേഹം ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു.