മലപ്പുറം > പതിനാറാം വയസ്സിൽ റഷീദ് സൈക്കിൾ ഷോപ്പ് ഉടമ യൂസഫ് 100 രൂപക്ക് നൽകിയ സൈക്കിളിൽ തുടങ്ങിയതാണ് കിഴക്കേത്തല തെക്കേടത്ത് മുഹമ്മദ് ബഷീറിന്റെ പത്ര വിതരണം. പത്രത്തിനൊപ്പമുള്ള സഞ്ചാരം അരനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. പുലർച്ചെ നാലിന് തുടങ്ങുന്ന പത്ര വിതരണത്തിന് 67–-ാം വയസ്സിലും മുടക്കമില്ല.
പത്താം ക്ലാസിൽ തോറ്റതോടെയാണ് പത്ര വിതരണത്തിലേക്ക് തിരിഞ്ഞത്. കോഴിക്കോടുനിന്ന് വരുന്ന പത്രങ്ങൾ കോട്ടപ്പടിയിലെത്തും. ഹെർക്കുലീസ് സൈക്കിളിലാണ് വിതരണം. ഒരു പത്രത്തിന് അഞ്ച് പൈസയായിരുന്നു കമീഷൻ. 1980–-ൽ ദേശാഭിമാനി ഏജന്റായി. അന്ന് ഏജൻസിയിൽ അമ്പതിൽതാഴെ പത്രമാണുണ്ടായിരുന്നത്. ഇന്നത് മുന്നൂറിനടുത്തായി. ദേശാഭിമാനി ലേഖകനും സിപിഐ എം നേതാവുമായ പാലോളി കുഞ്ഞുമുഹമ്മദാണ് ദേശാഭിമാനി പത്രത്തിന് ഏജന്റാകാൻ നിർദേശിച്ചത്. പാലോളി നൽകിയ ശുപാർശ കത്തുമായി കോഴിക്കോട് ദേശാഭിമാനിയിൽ എത്തി. ഡെപ്പോസിറ്റായി വലിയ തുക കെട്ടിവയ്ക്കണമായിരുന്നു. പാലോളിയുടെ ശുപാർശയിൽ അത് 500 രൂപയായി കുറച്ചു. ദേശാഭിമാനി വരിക്കാരുടെ എണ്ണം കൂടിയതോടെ മറ്റു പത്രങ്ങളുടെ വിതരണം നിർത്തി. ഇതിനിടെ ആരോഗ്യ വകുപ്പിൽ അറ്റൻഡറായി ജോലി കിട്ടി. ഏജൻസി ഭാര്യ ആസ്യയുടെ പേരിലാക്കി. അപ്പോഴും പത്രവിതരണം മുടങ്ങിയില്ല. അതിരാവിലെ പത്ര വിതരണം കഴിഞ്ഞാണ് ജോലിക്ക് പോയത്. 2013–-ൽ സർവീസിൽനിന്ന് വിരമിച്ചതോടെ വീണ്ടും പത്ര വിതരണത്തിൽ സജീവമായി.
രണ്ടുവർഷംമുമ്പ് സൈക്കിൾ മോഷണംപോയി. പുലർച്ചെ കോട്ടപ്പടിയിൽ നിർത്തിയിട്ട് ചായ കുടിക്കാൻ പോയതായിരുന്നു. മടങ്ങിവന്നപ്പോൾ സൈക്കിളില്ല. പിന്നെ പുതിയ ഹീറോ സൈക്കിൾ വാങ്ങി. ഇപ്പോൾ അതിലാണ് സഞ്ചാരം. മകൻ ഫിറോസും കൂട്ടിനുണ്ട്. സിപിഐ എം കോട്ടപ്പടി ബ്രാഞ്ച് അംഗമാണ്.