തിരുവനന്തപുരം > ആയമാർക്ക് പരിശീലനം നൽകുന്നതിനായി സ്കോൾ കേരളയുടെ നേതൃത്വത്തിൽ ഡിപ്ലോമ ഇൻ ചൈൽഡ് കെയർ ആൻഡ് പ്രീസ്കൂൾ മാനേജ്മെന്റ് സർട്ടിഫിക്കറ്റ് കോഴ്സ് ആരംഭിക്കുന്നു. സംസ്ഥാന സർക്കാരിന്റെ നാലാം നൂറുദിന കർമപരിപാടിയുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. രാജ്യത്താദ്യമായാണ് ഇത്തരത്തിലൊരു പദ്ധതിയെന്ന് മന്ത്രി വി ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹൈസ്കൂളുകളിൽ നാലുമാസം കൊണ്ട് 15,000 റോബോട്ടിക് കിറ്റ് വിതരണം ചെയ്തു. കൈറ്റ് വികസിപ്പിച്ച ഓപ്പറേറ്റിങ് സിസ്റ്റം സ്കൂളുകൾക്ക് സൗജന്യമായി വിതരണം ചെയ്തു. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ പ്രത്യേക എൻട്രൻസ് കോച്ചിങ് സംപ്രേഷണം ആരംഭിച്ചു.
എസ്സിഇആർടിയുടെ നേതൃത്വത്തിൽ സ്പോർട്സ് സ്കൂളുകളുടെ കരിക്കുലം തയ്യാറാക്കുകയാണ്. രാജ്യത്ത് ആദ്യമായി രക്ഷിതാക്കൾക്കുള്ള പുസ്തകം തയ്യാറാക്കി. എസ്ഐഎംസിയിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ബൗദ്ധിക വികാസം മുൻനിർത്തി സെൻസറി റൂം സ്ഥാപിച്ചു. അവിടെ ഹോസ്റ്റൽ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നിർവഹിച്ചു. അതിഥി മൊബൈൽ ആപ്പിന്റെ ലോഞ്ചിങ് 16ന് നടക്കും. നിർമാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചീഫ് എക്സിക്യൂട്ടീവ് കെട്ടിടത്തിന്റെ ഉദ്ഘാടനം, മൂന്നാർ ലേബർ കോംപ്ലക്സിന്റെ ഉദ്ഘാടനം, കട്ടപ്പനയിലും കണ്ണൂരിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള ഐടിഐ ഉദ്ഘാടനം, കോന്നി സ്കിൽ ഡെവലപ്മെന്റ് സെന്ററിന്റെ ഉദ്ഘാടനം എന്നിവയും നൂറ് ദിന കർമപരിപാടിയുടെ ഭാഗമായി നിർവഹിക്കുമെന്ന് മന്ത്രി പറഞ്ഞു.