ദുബായ്
ഒറ്റ ലക്ഷ്യത്തിനായി ഒരേ മനസ്സോടെ ഇന്ത്യൻ സംഘം ഇറങ്ങുന്നു. ട്വന്റി20 വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ആദ്യകളിയിൽ ഇന്ന് ന്യൂസിലൻഡാണ് എതിരാളി. ദുബായിലെ രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി ഏഴരയ്ക്കാണ് പോരാട്ടം. ഇതുവരെ ലോകകപ്പ് നേടാനായിട്ടില്ല ഇന്ത്യക്ക്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീം കിരീടം ആഗ്രഹിക്കുന്നു. പക്ഷേ, എളുപ്പമല്ല. കരുത്തരായ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമെല്ലാം വെല്ലുവിളിയായുണ്ട്.
പതിനഞ്ചുവർഷമായി ടീമിലെ സ്ഥിരംസാന്നിധ്യമായ പഞ്ചാബുകാരി ഹർമൻപ്രീത് 2018, 2020, 2023 ലോകകപ്പുകളിൽ ക്യാപ്റ്റനായിരുന്നു. 15 അംഗ ടീമിൽ രണ്ടു മലയാളികളാണ്. വയനാട്ടിൽനിന്നുള്ള സജന സജീവനും തിരുവനന്തപുരം സ്വദേശി ആശ ശോഭനയും. പരിചയസമ്പത്തിനൊപ്പം യുവത്വവും നിറഞ്ഞതാണ് ടീം. സ്മൃതി മന്ദാനയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. സ്മൃതിയും ഷഫാലി വർമയും ഓപ്പണർമാരാകുന്ന ടീമിൽ ഹർമൻപ്രീത്, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ, വിക്കറ്റ് കീപ്പർ റിച്ചാഘോഷ് എന്നിവർ ഉൾപ്പെട്ട ബാറ്റിങ്നിര ശക്തമാണ്. ദീപ്തിയും സജനയും ഓൾറൗണ്ടർമാരാണ്. രേണുക സിങ് ഠാക്കൂർ, അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാക്കർ എന്നിവരാണ് പേസ് ബൗളർമാർ. സ്പിന്നർമാർക്കാണ് ടീമിൽ മുൻതൂക്കം. ദീപ്തി ശർമ, രാധാ യാദവ്, ആശ ശോഭന, സജന സജീവൻ, ശ്രേയങ്ക പാട്ടീൽ എന്നിവർ സ്പിൻ ബൗളർമാരാണ്.
കഴിഞ്ഞ എട്ട് ലോകകപ്പിലും ഇന്ത്യക്ക് കിരീടമില്ല. 2020ൽ റണ്ണറപ്പായതാണ് ഏകനേട്ടം. കഴിഞ്ഞതവണയും 2018, 2010, 2009 കപ്പുകളിലും സെമിയിലെത്തി. 2012, 2014, 2016 പതിപ്പുകളിൽ ആദ്യഘട്ടത്തിൽ മടങ്ങി. ഇതുവരെ 36 കളിയിൽ 20 ജയവും 16 തോൽവിയും. മികച്ച തയ്യാറെടുപ്പുമായാണ് ടീം എത്തിയിട്ടുള്ളത്. ഈവർഷം ബംഗ്ലാദേശിനോട് അഞ്ചു മത്സരപരമ്പര തൂത്തുവാരിയ ആത്മവിശ്വാസമുണ്ട്. ഏഷ്യാകപ്പ് ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകൾക്കെതിരെ അവസാനം നടന്ന പരമ്പരകളിൽ 1–-2 തോൽവിയായിരുന്നു. സോഫി ഡെവൈൻ നയിക്കുന്ന ന്യൂസിലൻഡാകട്ടെ കരുത്തുറ്റനിരയുമായാണ് എത്തുന്നത്. ഓൾറൗണ്ടർ അമേലിയ കെറാണ് തുരുപ്പുചീട്ട്. സൂസി ബെയ്റ്റ്സ്, ഫ്രാൻ ജോനാസ് എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
ഇന്ത്യയുടെ കളികൾ
ഇന്ന് ന്യൂസിലൻഡ് രാത്രി 7.30
ഞായർ പാകിസ്ഥാൻ പകൽ 3.30
ഒക്ടോബർ 9 ശ്രീലങ്ക രാത്രി 7.30
ഒക്ടോബർ 13 ഓസ്ട്രേലിയ രാത്രി 7.30.
അഭിമാനമായി
ആശയും സജനയും
ഇന്ത്യയുടെ ലോകകപ്പ് ടീമിൽ രണ്ട് മലയാളികൾ. ആശ ശോഭനയും എസ് സജനയും. ആദ്യമായാണ് രണ്ടു മലയാളികൾ ലോകകപ്പ് ടീമിലെത്തുന്നത്. ആശയ്ക്ക് ദേശീയ ടീമിൽ അവസരം കിട്ടുന്നത് 33–-ാംവയസ്സിലാണ്. വനിതാ പ്രീമിയർ ലീഗിലെ മികച്ച പ്രകടനമാണ് വഴിത്തിരിവായത്. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ കിരീടനേട്ടത്തിൽ ഈ വലംകൈ ലെഗ്സ്പിന്നറുടെ പങ്ക് പ്രധാനമാണ്. ഇന്ത്യക്കായി മൂന്ന് കളിയിൽ നാല് വിക്കറ്റ് നേടിയിട്ടുണ്ട്. രണ്ടുപതിറ്റാണ്ടുമുമ്പ് കേരള ടീമിലുണ്ടായിരുന്ന ആശ, ഏറെക്കാലം ക്യാപ്റ്റനായിരുന്നു. ഹൈദരാബാദിൽ റെയിൽവേയിൽ ജോലി കിട്ടിയതോടെ കേരളം വിട്ട കളിക്കാരി കഴിഞ്ഞ രണ്ട് സീസണിൽ പുതുച്ചേരി ടീമിനെ നയിച്ചു. തിരുവനന്തപുരം പേരൂർക്കട ഓട്ടോഡ്രൈവറായ ബി ജോയിയുടെയും എസ് ശോഭനയുടെയും മകളാണ്.
വനിതാ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി അരങ്ങേറ്റ മത്സരത്തിൽ അവസാനപന്തിൽ സിക്സറടിച്ചാണ് സജന സജീവൻ ശ്രദ്ധനേടിയത്. ഇന്ത്യക്കായി ഒമ്പത് കളിയിൽ നാല് ഇന്നിങ്സിലാണ് ബാറ്റ് ചെയ്തത്. ഇന്ത്യ എ ടീമിനൊപ്പം ഓസ്ട്രേലിയൻ പര്യടനത്തിൽ തിളങ്ങാനായില്ല. വയനാട് ജില്ലയിലെ മാനന്തവാടിയിലെ ചൂട്ടക്കടവ് ഗ്രാമത്തിൽനിന്നാണ് വരവ്. അച്ഛൻ സജീവൻ ഓട്ടോ ഡ്രൈവറാണ്. അമ്മ ശാരദ മാനന്തവാടി നഗരസഭയിലെ സിപിഐ എം കൗൺസിലറും.