തിരുവനന്തപുരം
മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ബഹളത്തിൽമുക്കാൻ ഗൂഢനീക്കവുമായി ഒരുവിഭാഗം മാധ്യമപ്രവർത്തകർ. മുഖ്യമന്ത്രി പിണറായി വിജയൻ മറുപടിപറഞ്ഞ വിഷയങ്ങളിൽ ചോദ്യമാവർത്തിച്ചും മറുപടി പറയാൻ അനുവദിക്കാതെയുമായിരുന്നു മാധ്യമപ്രവർത്തകരുടെ ബഹളം. മറുപടി പറയുന്നതിൽനിന്ന് മുഖ്യമന്ത്രിയെ തടഞ്ഞ് ‘ഉത്തരമില്ലാതെ’യെന്ന തലക്കെട്ട് സൃഷ്ടിക്കാനുള്ള ഗൂഢതന്ത്രമാണ് ചില മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടായത്.
വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആമുഖമായി കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചതിനുപിന്നാലെ ഒരുവിഭാഗം ബഹളമാരംഭിച്ചു. ഇതോടെ മുഖ്യമന്ത്രിക്ക് ഒരു ചോദ്യംപോലും വ്യക്തമായി കേൾക്കാനോ മറുപടി പറയാനോ കഴിയാത്ത സാഹചര്യമായി. ബഹളമുണ്ടാക്കി ചോദ്യംചോദിച്ചാൽ ആരെയും വ്യക്തമായി കേൾക്കാനാകില്ലെന്നും പറഞ്ഞ് മുഴുമിക്കാൻ അനുവദിക്കണമെന്നും മുഖ്യമന്ത്രി പലതവണ അഭ്യർഥിച്ചു.
ബഹളം തുടർന്നതോടെ മുഖ്യമന്ത്രിക്ക് ഇടപെടേണ്ടി വന്നു. ഉത്തരംപറഞ്ഞ കാര്യങ്ങളിൽ വീണ്ടും ചോദ്യമുന്നയിക്കുകയാണെന്നും മറുപടിയല്ല, ബഹളംവെക്കൽ മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായുള്ള കളിയാണ് കളിക്കുന്നത്. അതു മനസിൽവച്ചാൽ മതി. കാര്യങ്ങൾ കൃത്യമായി പറഞ്ഞത് മനസിലാക്കാൻ കഴിയണം. വാർത്താസമ്മേളനത്തിനെത്തിയ ബാക്കിയുള്ളവർ പെരുമാറാത്ത രീതിയിലാണ് ഒരുവിഭാഗം പെരുമാറുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. ചാനലുകൾ തമ്മിലുള്ള കിടമത്സരമാണ് വാർത്താസമ്മേളന വേദിയിലും പ്രതിഫലിച്ചത്. ചോദ്യവും മറുപടിയും ചിത്രീകരിക്കാൻ ഒന്നിലധികം കാമറയുമായാണ് ചില ചാനലുകൾ എത്തിയത്.