തിരുവനന്തപുരം
കീരിടം എന്ന ഒറ്റച്ചിത്രത്തിലൂടെ മലയാളിയുടെ മനസ്സിൽ ചേക്കേറിയ നടൻ ‘കീരിക്കാടൻ ജോസ്’ എന്ന മോഹൻരാജ് (69) അന്തരിച്ചു. പാർക്കിൻസൺസ് രോഗത്തെതുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരം കാഞ്ഞിരംകുളം സുകുമാരൻ നികേതനിൽ വ്യാഴം പകൽ 3.25നാണ് അന്ത്യം. സംസ്കാരം വെള്ളിയാഴ്ച വീട്ടുവളപ്പിൽ.
വിവിധ ഭാഷകളിലായി നൂറോളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചെന്നൈയിലായിരുന്നു താമസം. ചികിത്സയുടെ ഭാഗമായാണ് നാട്ടിലെത്തിയത്. എൻഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമീഷണറായി ചെന്നൈയിൽ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. കഴുമലൈ കള്ളൻ, ആൺകളെ നമ്പാതെ എന്നീ തമിഴ്ചിത്രങ്ങളിൽ അഭിനയിച്ചു. 1988ൽ കെ മധു സംവിധാനംചെയ്ത ‘മൂന്നാംമുറ’യിലൂടെയാണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം. ഭാര്യ: ഉഷ (ഹൗസിങ് ആൻഡ് അർബൻ കോർപറേഷൻ ലിമിറ്റഡ്, ചെന്നൈ), മക്കൾ: ജെയ്ഷ്മ, കാവ്യ.