കൊച്ചി> സിനിമ മേഖലയിൽ സത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് സംബന്ധിച്ച ഹർജികൾ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുക.
റിപ്പോർട്ടിന്റെ പൂർണരൂപം സംസ്ഥാന സർക്കാർ മുദ്രവച്ച കവറിൽ ഹൈക്കോടതിക്ക് കൈമാറിയിരുന്നു. റിപ്പോർട്ടിലുള്ള മൊഴിപ്പകർപ്പുകൾ, സർക്കാർ സ്വീകരിച്ച നടപടികൾ, പ്രത്യേക അന്വേഷകസംഘം, കേസുകൾ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങളാണ് കെെമാറിയത്. തുടർന്ന് കോടതിയുടെ നിർദേശപ്രകാരം റിപ്പോർട്ട് എസ്ഐടി ക്ക് കൈമാറുകയായിരുന്നു.
റിപ്പോർട്ടിനെ തുടർന്നുണ്ടായ തുടർ നടപടികൾ എസ്ഐടി ഇന്ന് കോടതിയെ അറിയിക്കും ആരോപണവിധേയർക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ എംഎൽഎ ജോസഫ് എം പുതുശേരി, ക്രൈം നന്ദകുമാർ, ഓൾ കേരള ആന്റി കറപ്ഷൻ ആൻഡ് ഹ്യൂമൻറൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ, എ ജന്നത്ത് എന്നിവരും ഹർജികളാണ് പരിഗണനയിലുള്ളത്.
സിനിമാമേഖലയിലുള്ളവർക്കെതിരെ ഉയർന്ന കേസുകളടക്കം റിപ്പോർട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ സെപ്തംബർ ഒമ്പതിനാണ് ഹെെക്കോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ നടന്മാർ, അണിയറപ്രവർത്തകർ, സംവിധായകർ എന്നിവർക്കെതിരെ പരാതികൾ ഉയർന്നിരുന്നു. കേസുകളിൽ പലരും മുൻകൂർജാമ്യം തേടി കോടതിയെ സമീപിച്ചു. ഈ സാഹചര്യംകൂടി പരിഗണിച്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.