കൊട്ടാരക്കര
വ്യാജവാർത്ത ഉണ്ടാക്കുന്നതും വിവാദമാക്കുന്നതും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു. വരുന്ന ഒന്നരവർഷം വിവാദങ്ങളുടെയും കെട്ടിച്ചമച്ച വാർത്തകളുടെയും കാലമായിരിക്കും. തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കും നിയമസഭയിലേക്കുമുള്ള തെരഞ്ഞെടുപ്പാണ് അതിന്റെ ലക്ഷ്യം. ഇനി ഒരിക്കൽക്കൂടി എൽഡിഎഫ് അധികാരത്തിൽ വരാതിരിക്കാനുള്ള ഇടപെടലുകളാണ് ഇക്കൂട്ടർ നടത്തുന്നത്. ഇതിനെ രാഷ്ട്രീയമായി നേരിടാൻ എൽഡിഎഫ് സജ്ജമാണ്.
വാർത്തയും വിവാദവും ഉണ്ടാക്കുന്നവരുടെ സ്ഥിരോത്സാഹം സമ്മതിക്കാതെ വയ്യ. ഒന്നിൽ തിരിച്ചടി നേരിട്ടാൽ പിന്തിരിയാതെ മറ്റൊന്നിലേക്കു പോകുന്നു. വയനാട്ടിൽ സർക്കാർ ഊതിപ്പെരുപ്പിച്ച കണക്കുണ്ടാക്കിയെന്നുപറഞ്ഞ് ഉണ്ടാക്കിയ അനാവശ്യ ചർച്ചയ്ക്ക് 24 മണിക്കൂർ ആയുസ്സുപോലും ഉണ്ടായില്ല. അപവാദ പ്രചാരണങ്ങൾ അവസാനിപ്പിച്ച് കേരള സമൂഹത്തോട് മാപ്പുപറയുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും എം ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.