തിരുവനന്തപുരം
‘നെയ്ത്തി’ൽ വിരിഞ്ഞു, 47–-ാം പതിപ്പിന്റെ മനോഹാരിത. ടാഗോർ തിയറ്ററിൽ റിമ കല്ലിങ്കലും സംഘവും അവതരിപ്പിച്ച ‘നെയ്ത്ത്’ നൃത്തത്തോടെ ഈ വർഷത്തെ സൂര്യഫെസ്റ്റിന് തിരുവനന്തപുരത്ത് തുടക്കമായി. 110 ദിനങ്ങളിലെ കലാപരിപാടികളോടെ ജനുവരി 21 ന് സമാപിക്കും.
തറികളായും നെയ്ത്തുകാരായും ‘മാമാങ്ക’ത്തിന്റെ കലാകാരികൾ അരങ്ങിൽ നിറഞ്ഞപ്പോൾ സദസ്സിൽ അവസാനിക്കാത്ത കൈയടി. എറണാകുളം ചേന്ദമംഗലത്തെ നെയ്ത്തുശാല സന്ദർശനത്തിൽനിന്നാണ് നെയ്ത്തുകാരുടെ ജീവിതവും നെയ്യുന്നതിന്റെ ഭംഗിയും അറിഞ്ഞതെന്ന് ആമുഖമായി റിമ പറഞ്ഞു. കഴിഞ്ഞ നവംബറിൽ നൃത്തം ആദ്യമായി വേദിയിലെത്തിയപ്പോൾ പലസ്തീനിൽ അനേകം മനുഷ്യർ മരിക്കുകയായിരുന്നു. മാസങ്ങൾ കഴിഞ്ഞിട്ടും യുദ്ധം അവസാനിക്കാത്തതിലെ ദുഃഖവും ആശങ്കയും റിമ പങ്കുവച്ചു.