കൊച്ചി
കലൂർ മണപ്പാട്ടിപ്പറമ്പിൽ പാർക്ക് ചെയ്ത കാറിൽനിന്ന് കവർന്ന 80 ലക്ഷം രൂപ ഹവാല പണമാണെന്ന് സംശയം. കേസന്വേഷണത്തിന് സെൻട്രൽ എസിപി സി ജയകുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. സെപ്തംബർ 25ന് രാത്രി 10.45നാണ് കലൂർ മണപ്പാട്ടിപ്പറമ്പിൽ പാർക്ക് ചെയ്തിരുന്ന കാറിൽനിന്ന് രണ്ട് ഇരുചക്രവാഹനങ്ങളിൽ എത്തിയ നാലംഗസംഘം പണം കവർന്നത്.
ഇടപ്പള്ളി സ്വദേശിയായ ഡ്രൈവറാണ് കാറിൽ പണവുമായി മണപ്പാട്ടിപ്പറമ്പ് എൽഐസി ഓഫീസിനുമുന്നിൽ കാത്തുകിടന്നത്. യുഎഇയിൽ മൊബൈൽ ഫോൺ ബിസിനസ് നടത്തുന്ന മരോട്ടിച്ചുവട് സ്വദേശി സഹദ് അൻവറിന് പണം കൈമാറാൻ കാത്തിരിക്കുമ്പോൾ മോഷണം നടന്നെന്നാണ് പരാതി. സഹദ് ബൈക്കിൽ മറ്റൊരാളുമായി പണം വാങ്ങാൻ എത്തുന്നതിന് മുമ്പായിരുന്നു മോഷണം. കാറിന്റെ പിൻസീറ്റിൽ പ്ലാസ്റ്റിക് കവറിലും ബാഗിലുമായാണ് പണം സൂക്ഷിച്ചിരുന്നത്.
ഹെൽമെറ്റും മാസ്കും ധരിച്ച സംഘം ഡ്രൈവറെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തെന്നാണ് സഹദിന്റെ പരാതി. യുഎഇയിലെ മറ്റൊരു ബിസിനസുകാരൻ സഹദിന് അയച്ച പണമാണിതെന്നാണ് വിവരം. എന്നാൽ, പണം കൊണ്ടുവന്നവർതന്നെയാണ് കവർന്നതെന്നും പൊലീസ് സംശയിക്കുന്നു. പണം അയച്ചെന്ന് പറയപ്പെടുന്ന യുഎഇയിലെ ബിസിനസുകാരനെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സഹദിനെയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും ഇടപ്പള്ളി സ്വദേശിയായ ഡ്രൈവറെയും പൊലീസ് ചോദ്യംചെയ്തു. കൊച്ചിയിലുള്ള ഒരു ബിസിനസുകാരനാണ് യുഎഇയിൽനിന്ന് എത്തിയ പണം ആദ്യം കൈപ്പറ്റിയതെന്ന് ഇവർ പറഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.