● നവംബർ ഒന്നിനുമുമ്പായി സംസ്ഥാനത്തെ 1200 പട്ടണങ്ങളെ ഹരിത പട്ടണങ്ങളാക്കും
● 30,000 അയൽക്കൂട്ടങ്ങളെ ഹരിത അയൽക്കൂട്ടങ്ങളാക്കും
● നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കാൻ അതിർത്തികളിൽ കർശന പരിശോധന
● ആവശ്യമായ ഇടങ്ങളിൽ നിർമിതബുദ്ധി അധിഷ്ഠിത കാമറകൾ സ്ഥാപിക്കും
● വിനോദസഞ്ചാരകേന്ദ്രങ്ങൾ സമ്പൂർണ മാലിന്യമുക്തമാക്കും
● കെഎസ്ആർടിസി ബസ് സ്റ്റേഷനുകളെ ഹരിത സ്റ്റേഷനുകളാക്കും.
● 2025 ജനുവരി 26നുമുമ്പായി
100 ശതമാനം ഓഫീസുകളെ ഹരിത ഓഫീസുകളാക്കും
കൊല്ലം
ആറു മാസത്തിനകം സംസ്ഥാനത്തെ സമ്പൂർണമാലിന്യമുക്തമാക്കാനുള്ള പദ്ധതിക്ക് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം. ജനകീയാസൂത്രണം ഉൾപ്പെടെയുള്ള പദ്ധതികൾ വിജയകരമായി നടപ്പാക്കിയതിന്റെ മാതൃക പിന്തുടർന്നാണ് മാലിന്യ രഹിത കേരളത്തിനായി നാട് കൈകോർക്കുന്നത്.
2025 മാർച്ച് 30 അന്താരാഷ്ട്ര ശൂന്യമാലിന്യദിനത്തിൽ സമ്പൂർണ മാലിന്യമുക്ത കേരളം സാധ്യമാക്കാൻ കഴിയുംവിധമാണ് ക്യാമ്പയിന്റെ ആസൂത്രണം. ‘ശുചിത്വകേരളം, സുസ്ഥിരകേരളം’ എന്ന പേരിലുള്ള ജനകീയ ക്യാമ്പയിന്റെ സംസ്ഥാനതല ഉദ്ഘാടനം കൊട്ടാരക്കര എൽഐസി അങ്കണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.
തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും സഹകരണത്തോടെ ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ, മലിനീകരണ നിയന്ത്രണബോർഡ്, കേരള സോളിഡ് വേസ്റ്റ് മാനേജ്മെന്റ് പ്രോജക്ട്, ക്ലീൻ കേരള കമ്പനി തുടങ്ങിയവ ക്യാമ്പയിന്റെ ഏകോപനം നിർവഹിക്കും. ചടങ്ങിൽ മന്ത്രി കെ എൻ ബാലഗോപാൽ അധ്യക്ഷനായി.