കോഴിക്കോട് > ഷിരൂർ മണ്ണിടിച്ചിലിൽ മരണപ്പെട്ട അർജുന്റെ പേരിൽ ഫണ്ട് പിരിവ് നടത്തിയിട്ടില്ലെന്ന് ലോറിയുടമ മനാഫ്. ഒരിക്കലും താനത് ചെയ്യില്ലെന്നും തെറ്റ് ചെയ്തെന്ന് ബോധ്യപ്പെട്ടാൽ നാട്ടുകാർക്ക് തന്നെ കല്ലെറിഞ്ഞ് കൊല്ലാമെന്നും മനാഫ് പറഞ്ഞു. മനാഫ് വൈകാരികതയെ മുതലെടുത്തുവെന്ന് കാണിച്ച് അർജുന്റെ വീട്ടുകാർ മാധ്യമപ്രവർത്തകരെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് മനാഫിന്റെ പ്രതികരണം.
യൂട്യൂബ് തുടങ്ങിയതിൽ തെറ്റൊന്നും കാണുന്നില്ല. വ്യാജമായതൊന്നും യൂട്യൂബിലൂടെ പ്രചരിപ്പിച്ചിട്ടില്ല. എത്ര ക്രൂശിച്ചാലും ഞാൻ ചെയ്തത് നിലനിൽക്കുമെന്നും താൻ വാങ്ങുന്ന ലോറിക്ക് അർജുൻ എന്ന് തന്നെ പേരിടുമെന്നും മനാഫ് മാധ്യമങ്ങളോടു പറഞ്ഞു.
എന്നാൽ കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുതെന്നും അര്ജുന്റെ മകനെ നാലാമത്തെ മകനായി വളര്ത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചെന്നുമാണ് കുടുംബം ആരോപിച്ചത്. അര്ജുന്റെ പേരില് സമാഹരിക്കുന്ന ഫണ്ടുകള് ഞങ്ങള്ക്ക് വേണ്ട. ഈ ചൂഷണം തുടര്ന്നാല് കൂടുതല് ശക്തമായി പ്രതികരിക്കേണ്ടിവരുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും അർജുന്റെ കുടുംബം പറഞ്ഞു.