കോഴിക്കോട്> ഷിരൂരില് മണ്ണിടിച്ചിലിലകപ്പെട്ട് മരിച്ച അര്ജുന്റെ ലോറി ഉടമ മനാഫിനെതിരെ ആരോപണവുമായി കുടുംബം. കുടുംബത്തിന്റെ വൈകാരികതയെ ചൂഷണം ചെയ്യരുതെന്നും അര്ജുന്റെ മകനെ നാലാമത്തെ മകനായി വളര്ത്തുമെന്ന് പറഞ്ഞത് വേദനിപ്പിച്ചെന്നും കുടുംബം പറഞ്ഞു.
അര്ജുന്റെ പേരില് സമാഹരിക്കുന്ന ഫണ്ടുകള് ഞങ്ങള്ക്ക് വേണ്ട. ഈ ചൂഷണം തുടര്ന്നാല് കൂടുതല് ശക്തമായി പ്രതികരിക്കേണ്ടിവരും. നിയമനടപടി സ്വീകരിക്കും. അര്ജുന് സംഭവത്തെ വൈകാരികമായി ചിലര് മുതലെടുക്കാന് ശ്രമിച്ചു. ഇതിന്റെ പേരില് കുടുംബത്തിനെതിരേ അതിരൂക്ഷമായ സൈബര് ആക്രമണമാണ് നടക്കുന്നതെന്നും അര്ജുന്റെ സഹോദരി ഭര്ത്താവ് ജിതിൻ പറഞ്ഞു.
അതേസമയം, അര്ജുനെ കണ്ടെത്താനുള്ള തെരച്ചിലിന് ഒപ്പം നിന്ന എല്ലാവര്ക്കും നന്ദിയുണ്ടെന്നും കുടുംബം പറഞ്ഞു. അര്ജുന്റെ അച്ഛൻ പ്രേമൻ, അമ്മ ഷീല, സഹോദരി അഞ്ജു, അഭിരാമി, സഹോദരൻ എന്നിവരും ജിതിനൊപ്പം ഉണ്ടായിരുന്നു.
കർണാടകത്തിലെ ഷിരൂരിൽ മണ്ണിടിഞ്ഞ് ലോറിയോടൊപ്പം കാണാതായി 72ാം ദിവസം ഗംഗാവലിപ്പുഴയിൽ നിന്നാണ് അര്ജുന്റെ മൃതദേഹം കണ്ടെത്തിയത്.