പശ്ചിമേഷ്യൻ സംഘർഷം കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ആഗോള എണ്ണ വിപണിയിലും യുദ്ധം ആശങ്ക ഉയർത്തുന്നു. ഇറാൻ കൂടി യുദ്ധമുഖത്തേക്ക് എത്തിയതോടെ ക്രൂഡോയിൽ വിപണിയിൽ നാലുശതമാനത്തിന്റെ വർധന റിപ്പോർട്ട് ചെയ്തു.
ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ മൂന്നിലൊന്ന് കയ്യാളുന്ന രാജ്യമാണ് ഇറാൻ. ഇന്ത്യ ഇപ്പോൾ ഇറാനിൽ നിന്നും നേരിട്ട് എണ്ണ വാങ്ങിക്കുന്നില്ലെങ്കിലും ആഗോള വിപണിയിലെ പ്രത്യാഘാതങ്ങൾ പ്രതിഫലിക്കും. സംഘർഷത്തിൽ നേരിട്ട് പങ്കെടുക്കാത്ത രാജ്യങ്ങളിലും യുദ്ധത്തിന്റെ കെടുതികൾ എത്തും.
ചൊവ്വാഴ്ച രാത്രിയോടെയാണ് ഇസ്രയേലിന് നേരെ 180-ലധികം ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ഇറാൻ ആക്രമണം നടത്തിയത്. ഹിസ്ബുള്ള നേതാക്കളയുടെയും ഇറാൻ സൈനിക ഉദ്യോഗസ്ഥരുടെയും കൊലപാതകത്തിനുള്ള മറുപടിയായിട്ടായിരുന്നു ഇറാന്റെ ആക്രമണം. ഇസ്രയേലിൽ വലിയതോതിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും തിരിച്ചടിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചിരിക്കയാണ്.
ആക്രമണ വാർത്തയെ തുടർന്ന് ക്രൂഡ് ഓയിൽ വിലയിൽ ഉടൻ ഉയർച്ച രേഖപ്പെടുത്തി. അതുവരെ 2.7% ഇടിവ് രേഖപ്പെടുത്തി വില താഴ്ന്ന് നിന്നിരുന്ന സാഹചര്യത്തിലാണ് ആക്രണം ഉണ്ടാവുന്നത്. ഇതോടെ വെസ്റ്റ് ടെക്സാസ് ഇൻ്റർമീഡിയറ്റ് (ഡബ്ല്യുടിഐ) 5 ശതമാനമാണ് കുതിച്ചുയർന്നത്. ക്രൂഡ് ഓയിൽ വിലയുടെ ആഗോള മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ബാരലിന് 75 ഡോളറിന് മുകളിലെത്തുകയും ചെയ്തു. ഒപെക് അംഗവും മേഖലയിലെ പ്രധാന എണ്ണ ഉത്പാദകരുമാണ് ഇറാൻ.
വലിയ വിലനൽകേണ്ടിവരുമെന്ന് നെതന്യാഹു
ഇസ്രയേല് ആക്രമിച്ച തെറ്റിന് ഇറാന് വലിയ വില നല്കേണ്ടിവരുമെന്നാണ് ഇസ്രയേല് പ്രധാനമന്ത്രി ബെഞ്ചമിന് നെതന്യാഹുവിന്റെ മുന്നറിയിപ്പ്. ആക്രമണത്തെ ചെറുക്കാന് അമേരിക്കയുടെയും ബ്രിട്ടന്റെ സഹായം ലഭിച്ചെന്നും നെതന്യാഹു വ്യക്തമാക്കിയിട്ടുണ്ട്. പരോക്ഷമായും കൂടുതൽ രാജ്യങ്ങൾ യുദ്ധത്തിന്റെ ഭാഗമാവുകയാണ്.
സംഘര്ഷം അവസാനിപ്പിക്കേണ്ടത് പശ്ചിമേഷ്യയുടെ ഭാവിക്ക് അനിവാര്യമാണെന്ന് യുഎന് സെക്രട്ടറി ജനറല് അന്റോണിയോ ഗുട്ടെറസ് എക്സ് പോസ്റ്റിൽ ആവശ്യപ്പെട്ടിരുന്നു. രക്ഷാ സമിതി 21 ദിവസത്തെ വെടിനിർത്തൽ ആവശ്യപ്പെട്ടു. എങ്കിലും ആവശ്യം ഇസ്രയേൽ ചെവിക്കൊള്ളാതെ തള്ളിക്കളയുകയാണുണ്ടായത്.
വിപണിയിലെ ഇന്ത്യയുടെ ചുവട് മാറ്റവും യുദ്ധവും
ഇറാനിൽ നിന്നും വെനിസ്വേലയിൽ നിന്നും ക്രൂഡോയിൽ ഇറക്കുമതിക്ക് ഇന്ത്യ നീക്കം നടത്തിയിരുന്നു. ജനുവരിയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ സന്ദർശിച്ചപ്പോൾ ഇത് സംബന്ധിച്ച ചർച്ചകൾക്ക് തുടക്കമിട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഹൂതിവിമത ഭീഷണി ഇറാനിൽ നിന്നുള്ള ഓയിൽ ഷിപ്പുകൾക്ക് മേൽ ഉണ്ടാവില്ലെന്ന സാഹചര്യവും പരിഗണിച്ചു. 2018- 19 വർഷങ്ങളിൽ ഇന്ത്യ ഇറാനുമായി ഇടപാട് നടത്തിയിരുന്നതുമാണ്. പിന്നീട് അവരുടെ ആണവ പദ്ധതിയുമായി ബന്ധപ്പെടുത്തി അമേരിക്കൻ നിരോധന ഉത്തരവാണ് ഇതിന് തടസ്സമായത്.
ഇന്ത്യയുടെ റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതിയിൽ സെപ്തംബറിൽ 14.5 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയിരുന്നു. റഷ്യയിൽ നിന്നുള്ള വിഹിതം കുറയ്ക്കുകയായിരുന്നു. എന്നാൽ അപ്പോഴും ഇന്ത്യയുടെ മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 39.9 ശതമാനവും റഷ്യയില് നിന്നായിരുന്നെന്ന് കമ്മോഡിറ്റി മാർക്കറ്റ് അനലിറ്റിക്സ് സ്ഥാപനമായ Kpler-ൽ നിന്നുള്ള പ്രൊവിഷണൽ വെസൽ ട്രാക്കിംഗ് ഡാറ്റ റിപ്പോർട്ട് പറയുന്നു.
ഓഗസ്റ്റ് മാസമായതോടെ ഇന്ത്യയിൽ ഇറാഖിന്റെ ക്രൂഡ് ഓയില് മാർക്കറ്റ് ഷെയർ 18.8 ശതമാനമായിരുന്നു. അതായത് റഷ്യയുടെ ഇടിവ് പശ്ചിമേഷ്യൻ മാർക്കറ്റിലേക്ക് മാറി. ഇന്ത്യയിലെ സൗദി അറേബ്യയുടെ എണ്ണ വിഹിതം 12.2 ശതമാനമാണ്.
എണ്ണ ഇറക്കുമതിയിൽ മുന്നിൽ; വർധനവ് എത്തുക ഓരോ പൌരനിലേക്കും
റഷ്യ ഉക്രെയ്ൻ യുദ്ധത്തിന് മുമ്പ് ഇറാഖും സൗദി അറേബ്യയുമായിരുന്നു ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല് ക്രൂഡ് ഓയില് സപ്ലൈ ചെയ്തിരുന്നത്.
ലോകത്ത് ഏറ്റവും കൂടുതല് ക്രൂഡ് ഓയില് ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില് ഒന്നാണ് ഇന്ത്യ. എണ്ണ വാങ്ങിക്കുന്നതിൽ മൂന്നാം സ്ഥാനത്താണ്. വലിയ ക്രൂഡ് ഓയില് ഉത്പാദനമൊന്നും ഇല്ലാത്ത രാജ്യം എന്നതിനാല് ആവശ്യമായ എണ്ണയുടെ ഭൂരിപക്ഷവും, അതായത് 85 ശതമാനത്തോളം വിവിധ വിദേശ രാജ്യങ്ങളില് നിന്നായി ഇറക്കുമതി ചെയ്യുകയാണ് ചെയ്യുന്നത്.
ലോകത്ത് ഏറ്റവും കൂടുതല് ക്രൂഡ് ഓയിൽ ഉപഭോഗ രാജ്യം അമേരിക്കയാണ്. 20.1 മില്യണ് ബി പി ഡി ക്രൂഡ് ഓയിലാണ് അമേരിക്ക ഓരോ ദിവസവും ഉപയോഗിക്കുന്നത്. ആകെ ലോക വിഹിതത്തിന്റെ 20 ശതമാനം വരെയാണിത്. ഏറ്റവും വലിയ ഉല്പാദകരായിട്ടും അവരടെ എണ്ണ ലോകവിപണിയിലേക്ക് അധികം ഒഴുകുന്നില്ല. അതുകൊണ്ട് തന്നെ യുദ്ധം അവരുടെ എണ്ണവിപണിയെ തൊടില്ല.
ഉപഭോഗത്തിന്റെ പട്ടികയില് 15.15 മില്യണ് ബി പി ഡിയുമായി ചൈന രണ്ടാമതാണ്. 5.05 മില്യണ് ബി പി ഡിയുമായ ഇന്ത്യ മൂന്നാമതും വരും. ലോകവിഹിതത്തില് ഇത് യഥാക്രമം 15 ശതമാനവും 5 ശതമാനവുമാണ്.
പട്ടികയില് റഷ്യ (3.68 മില്യണ് ബി പി ഡി) നലാമതും സൗദി അറേബ്യ അഞ്ചാമതും (3.65 മില്യണ് ബി പി ഡി) ആണ്. ജപ്പാന്, ബ്രസീല്, ദക്ഷിണ കൊറിയ, കാനഡ, ജർമ്മനി തുടങ്ങിയ രാജ്യങ്ങളാണ് അഞ്ച് മുതല് പത്ത് വരേയുള്ള ഉപഭോക്താക്കൾ.
ഉത്പാദനത്തിൽ മുന്നിൽ അമേരിക്ക, കുറവ് നഷ്ടവും അവർക്ക്
21.91 മില്യണ് ബി പി ഡി ക്രൂഡ് ഓയില് ഉത്പാദിപ്പിക്കുന്ന അമേരിക്കയാണ് ലോകത്ത് ഏറ്റവും കൂടുതല് ക്രൂഡ് ഓയില് ഉത്പാദിപിക്കുന്ന രാജ്യം. ലോക വിഹിതത്തിന്റെ 22 ശതമാനം വരും ഇത്.
പട്ടികയില് 11.13 മില്യണ് ബി പി ഡി (11 ശതമാനം)യുമായി സൗദി അറേബ്യ രണ്ടാം സ്ഥാനത്തേക്ക് വരുമ്പോള് തൊട്ടുപിന്നില് 10.75 മില്യണ് ബി പി ഡിയുമായി റഷ്യ തൊട്ടുപിന്നിലുണ്ട്. റഷ്യയുടേയും ലോക വിഹിതം 11 ശതമാനമാണ്. കാനഡ (5.76 മില്യണ് ബി പി ഡി), ചൈന (5.26 മില്യണ് ബി പി ഡി) തുടങ്ങിയവരാണ് നാലും അഞ്ചാമതും വരുന്നു. ഇറാഖ്, ബ്രസീല്, യു എ ഇ, ഇറാന്, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളില് വരുന്നത്.
റഷ്യ ഉക്രൈൻ യുദ്ധവും എണ്ണവിപണിയെ ഉലച്ചിരുന്നു. പശ്ചിമേഷ്യയിലും മധ്യേഷ്യയിലും കൂടി യുദ്ധ സാഹചര്യം വ്യാപിച്ചതാണ് ആശങ്ക ഉയർത്തി നിർത്തിയത്. ഇതര ഊർജ്ജ സ്രോതസ്സുകൾ ഒന്നുംതന്നെ ഇപ്പോഴും പ്രബലമല്ല. യുദ്ധത്തിൽ നേരിട്ട് പങ്കെടുക്കാത്ത എണ്ണ പര്യാപ്ത ഉല്പാദക രാജ്യങ്ങൾക്ക് യുദ്ധ സാഹചര്യം വിപണിയിൽ മെച്ചമാവും. അതേസമയം എണ്ണ വില വർധിക്കുന്നത് ലോകത്തിലെ ഇതര രാജ്യങ്ങളെയും ഓരോ പൌരനെയും നേരിട്ട് ബാധിക്കയും ചെയ്യും.