പത്തനംതിട്ട
മഞ്ഞുപാളികൾക്കടിയിൽ മരവിച്ചുണങ്ങിയ ശരീരത്തിൽനിന്ന് ലഭിച്ച നെയിം പ്ലേറ്റിലൂടെയാണ് അഞ്ചര പതിറ്റാണ്ടിനുശേഷം തോമസ് ചെറിയാനെ തിരിച്ചറിഞ്ഞത്.
ഇന്ത്യൻ ആർമിയിലെ സേനാംഗമായിരിക്കെ 1968 ഫെബ്രുവരി ഏഴിനാണ് വിമാനാപകടത്തിൽ ഇലന്തൂർ ഓടാലിൽ തോമസ് ചെറിയാൻ മരിച്ചത്. ചണ്ഡീഗഢിൽനിന്ന് ലേ ലഡാക്കിലേക്ക് 103 പേരുമായി പോയ വിമാനമാണ് അപകടത്തിൽപ്പെട്ട് കാണാതായത്. മഞ്ഞുമലയിൽ നടത്തിയ തെരച്ചിലിനിടെ തിങ്കൾ പകൽ 3.30നാണ് തോമസ് ചെറിയാൻ ഉൾപ്പെടെ നാലുപേരുടെ മൃതദേഹം കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ബാഗിൽനിന്നാണ് നെയിം പ്ലേറ്റ് ലഭിച്ചത്.
103 പേരുള്ള വിമാനത്തിൽ 96 പേരും സേനാംഗങ്ങളായിരുന്നു. വിമാനം കാണാതായ ശേഷം ഏറെനാൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 2003ൽ മഞ്ഞുമലകൾക്കിടയിൽ വിമാനത്തിന്റെ ഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് ഇവർ മരിച്ചതായി രേഖപ്പെടുത്തിയത്.
മൃതദേഹം വെള്ളിയാഴ്ച
നാട്ടിലെത്തിച്ചേക്കും
ലഡാക്കിലെ സൈനിക കേന്ദ്രത്തിൽ സൂക്ഷിച്ച മൃതദേഹം ഔദ്യോഗിക നടപടി പൂർത്തിയാക്കി ബുധനാഴ്ച ചണ്ഡീഗഡിൽ എത്തിക്കും. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ചേക്കും. നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാനായാൽ വെള്ളിയാഴ്ച തിരുവനന്തപുരം എയർപോർട്ടിൽനിന്ന് മൃതദേഹം വീട്ടിലെത്തിക്കും. വീട്ടിലെ പൊതുദർശനത്തിനും ചടങ്ങുകൾക്കും ശേഷം ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് പള്ളിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.