ടെൽ അവീവ്/ ബെയ്റൂട്ട്
തെക്കൻ ലബനനിലേക്ക് കരയുദ്ധം തുടങ്ങി ഇസ്രയേൽ. തിങ്കൾ അർധരാത്രിയോടെയാണ് ഇസ്രയേൽ സൈന്യം ലബനൻ മണ്ണിൽ പ്രവേശിച്ചത്. ടാങ്കുകൾ ഉൾപ്പെടെ അതിർത്തി കടന്നു. 2006നുശേഷം ആദ്യമായാണ് ഇസ്രയേൽ ലബനനിലേക്ക് കരയുദ്ധം നടത്തുന്നത്. എന്നാൽ, കരയാക്രമണം തുടങ്ങിയതായ ഇസ്രയേൽ വാദം ഹിസ്ബുള്ള നിഷേധിച്ചു.
ഇസ്രയേൽ ജനതയ്ക്ക് ഭീഷണിയായ ഹിസ്ബുള്ള കേന്ദ്രങ്ങളാണ് ആക്രമിക്കുന്നതെന്നാണ് ഇസ്രയേൽ വാദം. തെക്കൻ ലബനനിൽനിന്ന് ജനങ്ങൾ എത്രയും വേഗം ഒഴിഞ്ഞുപോകണമെന്ന് ഇസ്രയേൽ സൈന്യം തിങ്കൾ അർധരാത്രി നിർദേശം നൽകി. പിന്നാലെ, മേഖലയിലെമ്പാടും ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായി.
അതിനിടെ, ബെയ്റൂട്ടിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുള്ള കമാൻഡർ മുഹമ്മദ് ജാഫർ ഖാസിറിനെ കൊലപ്പെടുത്തിയതായി ഇസ്രയേൽ പറഞ്ഞു. ഇറാനിൽനിന്ന് ആയുധങ്ങൾ വരുത്തുന്നതിന്റെ ചുമതലക്കാരനായിരുന്നെന്നാണ് ഇസ്രയേൽ വാദം.
അതിർത്തിയിലെ ചില പോസ്റ്റുകളിലേക്ക് അധിക സൈന്യത്തെ വിന്യസിച്ചതായി ലബനൻ അറിയിച്ചു. 1982ൽ നടത്തിയതുപോലെ സൈന്യം ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലേക്ക് മാർച്ച് ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെന്നാണ് നിലവിൽ ഇസ്രയേലിന്റെ വാദം. കരയാക്രമണം എത്രനാൾ നീണ്ടുനിൽക്കുമെന്നതിൽ വ്യക്തതയില്ല. എന്നാൽ, ഹിസ്ബുള്ളയെ ഉന്മൂലനം ചെയ്യുമെന്ന് യു എൻ പൊതുസഭയിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു പ്രഖ്യാപിച്ചിരുന്നു.
വിവിധ രാജ്യങ്ങൾ ലബനനിൽനിന്ന് തങ്ങളുടെ പൗരരെയും നതയന്ത്രജ്ഞരെയും ഒഴിപ്പിക്കുന്നത് വേഗത്തിലാക്കി.
ഇറാനും ഭീഷണി
ലബനനിലേക്ക് ആക്രമണം തുടങ്ങിയതിന് പിന്നാലെ, ഇറാനെതിരെയും ഭീഷണി മുഴക്കി ബെന്യാമിൻ നെതന്യാഹു. ഇറാൻ ഉടൻ സ്വതന്ത്രമാകുമെന്നാണ് പ്രഖ്യാപനം. ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാൻ ഗുരുതര പ്രത്യാഘാതം നേരിടുമെന്ന് പ്രഖ്യാപിച്ച് അമേരിക്കയും രംഗത്തെത്തി. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശത്തിന് അമേരിക്കയുടെ എല്ലാ പിന്തുണയുമുണ്ട്–- പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു.