തിരുവനന്തപുരം > മൃഗശാലയിലെ കൂട്ടിൽനിന്ന് പുറത്തുചാടിയ മൂന്ന് ഹനുമാൻകുരങ്ങുകളിൽ രണ്ടെണ്ണത്തിനെ തിരികെ കൂട്ടിലെത്തിച്ചു. കഴിഞ്ഞ ദിവസം രാവിലെയാണ് പാർപ്പിച്ചിരുന്ന കൂട്ടിൽ നിന്നും ഇവ പുറത്തു ചാടിയത്. ശേഷം മൃഗശാല വളപ്പിൽതന്നെയുള്ള മരങ്ങളിൽ ഇരിക്കുകയായിരുന്നു. കുരങ്ങുകൾ ഇരുന്ന മരത്തിനു കീഴെ അധികൃതർ ഭക്ഷണം വച്ചിരുന്നു. ഇത് കഴിക്കാനായി ഇറങ്ങിയപ്പോഴാണ് ഒന്നിനെ പിടികൂടിയത്. മറ്റൊരു കുരങ്ങിനെ മൃഗശാലയിലെ ജീവനക്കാർ സാഹസികമായി മരത്തിൽ കയറി പിടികൂടുകയായിരുന്നു. മൂന്നാമത്തെ കുരങ്ങ് ഉയരമുള്ള മരക്കൊമ്പിൽത്തന്നെ ഇരിക്കുകയാണ്. കുരങ്ങുകൾ പുറത്തേക്ക് പോകാൻ സാധ്യതയുള്ളതിനാൽ ഇന്ന് മൃഗശാലയിലേക്കുള്ള സന്ദർശനം നിരോധിച്ചിരുന്നു.
തുറന്നകൂട്ടിൽ തന്നെയാണ് കുരങ്ങുകളെ പാർപ്പിച്ചിരിക്കുന്നത്. തിരുപ്പതി ശ്രീവെങ്കിടേശ്വര സുവോളജിക്കൽ പാർക്കിൽനിന്ന് കൊണ്ടുവന്ന രണ്ട് കുരങ്ങും ഹരിയാനയിലെ റോത്തക്ക് മൃഗശാലയിൽനിന്ന് എത്തിച്ച ഒരു കുരങ്ങുമാണ് തിങ്കളാഴ്ച പുറത്തുചാടിയത്.