വാഷിങ്ടൺ > ബഹിരാകാശ ദൗത്യങ്ങള്ക്കിടെയുണ്ടാകുന്ന മാലിന്യങ്ങളുടെ പുനരുപയോഗത്തിന് ഫലപ്രദമായ ആശയങ്ങള് തേടി അമേരിക്കന് ബഹിരാകാശ ഏജന്സിയായ നാസ. മികച്ച ആശയങ്ങള്ക്ക് 3 മില്യൺ ഡോളറാണ് (25.18 കോടി) സമ്മാനം. ലൂണ റീസൈക്കിള് ചലഞ്ചെന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. ബഹിരാകാശ ദൗത്യങ്ങള് കൂടുതലായി നടക്കുന്ന സാഹചര്യത്തില് ദൗത്യത്തിനിടെ സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളെ എങ്ങനെ ഫലപ്രദമായി വീണ്ടും ഉപയോഗിക്കാമെന്ന നാസയുടെ അന്വേഷണത്തിന്റെ ഭാഗമാണ് ചലഞ്ച്.
ഭക്ഷണം പാക്ക് ചെയ്യുന്ന പൊതികള്, വസ്ത്രങ്ങള്, മറ്റ് ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുപയോഗിച്ച ഉപകരണങ്ങളും വസ്തുക്കളും അടക്കമുള്ളവ റീസൈക്കിള് ചെയ്യാനാണ് തീരുമാനം. ഭാവിയില് നടത്താനുദ്ദേശിക്കുന്ന ദീര്ഘകാല ബഹികാരാശ ദൗത്യങ്ങള് കൂടി മുന്നില് കണ്ടാണ് നാസ പുതിയ ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്. പുനരുപയോഗിക്കാന്‍ പറ്റുന്ന ഖരമാലിന്യങ്ങളെയെല്ലാം കാര്യക്ഷമമായി റീസൈക്കിള് ചെയ്യാന് പറ്റുന്ന തരത്തിലുള്ള ആശയങ്ങള് വേണമെന്നാണ് നാസ അറിയിച്ചത്.