കൽപ്പറ്റ > പൊതുജങ്ങളുടെ സങ്കീർണമായ പ്രശ്നങ്ങൾ നിയമത്തിനും ചട്ടത്തിനും വിധേയമായി പരമാവധി പരിഹരിക്കുകയാണ് ലക്ഷ്യമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി സുൽത്താൻ ബത്തേരി നഗരസഭാ ടൗൺ ഹാളിൽ നടന്ന ജില്ലാതല തദ്ദേശ അദാലത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
പതിമൂന്ന് ജില്ലകളിലും തിരുവനന്തപുരം, കോഴിക്കോട്, ഏറണാകുളം കോർപറേഷൻ ഉൾപ്പെടെ നടത്തിയ 16 അദാലത്തുകളിലായി 18000 പരാതികൾക്ക് പരിഹാരം കണ്ടു. കാസർകോഡ് ജില്ലയിൽ 99 ശതമാനം പരാതികളും തീർപ്പാക്കിയിട്ടുണ്ട്. മറ്റു ജില്ലകളിലും ഏതെക്കുറെ എല്ലാ പരാതികളും പരിഹരിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ 86 ശതമാനം പരാതികൾക്കും പരിഹാരമായിട്ടുണ്ട്.
എല്ലാ നിയമ ലംഘനങ്ങളും സാധുകരിക്കുന്നതിന് വേണ്ടിയല്ല അദാലത്ത്. നിയമങ്ങൾ കഠിനമായി വ്യാഖ്യാനിച്ചോ ദുർവ്യാഖ്യാനം നടത്തിയോ അല്ലെങ്കിൽ നിയമങ്ങളിലെ അവ്യക്തത മൂലമോ ആർക്കെങ്കിലും ലഭിക്കണ്ട ആനുകൂല്യങ്ങളോ അവകാശങ്ങളോ നിഷേധിക്കുമ്പോൾ നിയമത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങിനിന്ന് അത് പരിഹരിക്കാനുള്ള ഇടപെടലുകളാണ് അദാലത്തിൽ നടക്കുന്നത്. അത് പൂർണ വിജയമാണെന്നും മന്ത്രി പറഞ്ഞു.
അദാലത്തിലൂടെ ലഭിച്ച പരാതികളുടേയും മാർഗ്ഗ നിർദേശങ്ങളുടേയും അടിസ്ഥാനത്തിൽ സർക്കാർ 42 പൊതു തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. 100 ഓളം ചട്ട ഭേദഗതിയിലൂടെ 351 മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്. ഇതിനായി ടൗൺ പ്ലാനിങ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ച് ആവശ്യമായ നിർദ്ദേശം സർക്കാറിന് സമർപ്പിച്ചതായി മന്ത്രി പറഞ്ഞു.
മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരാതികളാണ് അദാലത്തിൽ പരിഹരിച്ചത്. പോർട്ടലിൽ രജിസ്റ്റർ ചെയ്ത പരാതിക്കാരെയും മന്ത്രി നേരിൽ കണ്ട് പരാതികൾ പരിശോധിച്ച് തീർപ്പാക്കി. അദാലത്ത് വേദിയിൽ പരാതി നൽകിയവരിൽ നിന്നും വിവിധ കൗണ്ടറുകൾ മുഖേന അപേക്ഷ സ്വീകരിച്ചു. ഈ പരാതികളിൽ രണ്ടാഴ്ചക്കകം തീർപ്പ് ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.