ന്യൂഡൽഹി
രാജ്യാന്തരവേദിയിൽ നാണംകെട്ട് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ. പ്രസിഡന്റ് പി ടി ഉഷയും 12 ഭരണസമിതി അംഗങ്ങളും തമ്മിലുള്ള പോര് അവസാനിപ്പിക്കാൻ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി (ഐഒസി) ആവശ്യപ്പെട്ടു. സിഇഒ രഘുറാം അയ്യരുടെ നിയമനം ആയുധമാക്കിയുള്ള ഏറ്റുമുട്ടൽ എല്ലാ സീമകളും ലംഘിച്ചതോടെയാണ് ഐഒസിയുടെ ഇടപെടൽ. ഇക്കാര്യത്തിൽ പൂർണ ഉത്തരവാദിത്വം ഇന്ത്യൻ ഒളിമ്പിക് അസോസിയേഷനാണെന്നും ആഭ്യന്തര ചർച്ചയിലൂടെ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണമെന്നും സമിതി മുന്നറിയിപ്പ് നൽകി. ഈ ഘട്ടത്തിൽ കൂടുതൽ പ്രതികരിക്കാനില്ലെന്നും വ്യക്തമാക്കി.
ഉഷ ഏകാധിപതിയും ജനാധിപത്യ മൂല്യങ്ങൾക്ക് വിലകൽപ്പിക്കാത്തയാളാണെന്നും വിശദീകരിച്ച് ഭരണസമിതി അംഗങ്ങൾ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ ഇൻസ്റ്റിറ്റ്യൂഷണൽ റിലേഷൻസ് ആൻഡ് ഗവേണൻസ് തലവൻ ജെറൊം പോയ്വിക്ക് കത്തയച്ചു. പുതിയ സിഇഒ നിയമനം ഒരു മാസത്തിനുള്ളിൽ നടത്തുമെന്നും അംഗങ്ങൾ കത്തിൽ പറഞ്ഞു. അംഗങ്ങൾ തനിക്കെതിരെ ദുഷ്പ്രചാരണം നടത്തുകയാണെന്ന് ഉഷയും തിരിച്ചടിച്ചു. രഘുറാം അയ്യരുടെ നിയമനം ജനുവരിയിൽ നടത്തിയതാണ്. നാളിതുവരെ ഒരു രൂപപാേലും പ്രതിഫലം നൽകിയിട്ടില്ല. അംഗങ്ങളിൽ ചിലർക്കെതിരെ സാമ്പത്തിക, -ലൈംഗികാരോപണങ്ങൾവരെ നിലവിലുണ്ട്. ഒളിമ്പിക് അസോസിയേഷനിലെ പദവിയോടും പണത്തിനോടും ഇക്കൂട്ടർക്ക് ആർത്തിയാണ്. കായികതാരങ്ങളോടും രാജ്യത്തിന്റെ കായിക ഭാവിയോടും ഇത്ര നിസ്സംഗത പുലർത്തുന്നവരെ കണ്ടിട്ടില്ല–-അവർ പ്രതികരിച്ചു.
വ്യാഴാഴ്ച ചേർന്ന എക്സിക്യൂട്ടീവ് യോഗത്തിൽ നാടകീയ സംഭവങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ആഭ്യന്തരയുദ്ധം പുറത്തായത്. വീഡിയോ കോൺഫറൻസിങ്ങിലൂടെ ജെറൊം പോയ്വിയും പങ്കെടുത്തു. 12 അംഗങ്ങളുടെ ബഹളംമൂലം യോഗം അരമണിക്കൂറിനുശേഷം പിരിച്ചുവിട്ടിരുന്നു. രഘുറാം അയ്യരുടെ നിയമനം റദ്ദാക്കണമെന്ന ആവശ്യം ഉഷ നിരസിച്ചതാണ് ബഹളത്തിലേക്ക് നയിച്ചത്. 2036ലെ ഒളിമ്പിക്സ് സംഘാടനത്തിന് ശ്രമിക്കുന്നതിനിടെയുള്ള ചേരിപ്പോര് ഇന്ത്യക്ക് തിരിച്ചടിയാകും.