തിരുവനന്തപുരം
സംസ്ഥാനത്ത് 177 മെഗാവാട്ട് വൈദ്യുതി ലഭ്യമാക്കി കെഎസ്ഇബി ഉത്തരവ്. എൻടിപിസിയുടെ ബിഹാർ നിലയത്തിലെ ബാർഹ് വൺ, ടൂ സ്റ്റേഷനുകളിൽനിന്നാണ് വൈദ്യുതി എത്തിക്കുക.
ബാർഹ് വണ്ണിലെ 80 മെഗാ വാട്ട് വൈദ്യുതി യൂണിറ്റിന് 4.81 രൂപയ്ക്കും ബാർഹ് ടൂവിലെ 97 മെഗാവാട്ട് 5.31 രൂപ നിരക്കിലും ലഭ്യമാകും.
ഒക്ടോബർ ഒന്നമുതൽ 2025 മാർച്ച് 31വരെ ഈ നിരക്കിൽ രാത്രികാലത്തുൾപ്പെടെ വൈദ്യുതി ലഭിക്കും. ഹ്രസ്വകാലാടിസ്ഥാനത്തിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നത്തോടെ ശരാശരി 50 കോടി രൂപയുടെ ലാഭമാണ് ആറ് മാസംകൊണ്ട് കെഎസ്ഇബിക്കുണ്ടാകുക.
സംസ്ഥാനത്ത് പ്രതിദിനം 700 മെഗാവാട്ടും രാത്രികാലങ്ങളിൽ 1000 മെഗാവാട്ടിന് മുകളിലും വൈദ്യുതി ഉപയോഗം വരുന്ന സാഹചര്യത്തിൽ പ്രതിസന്ധി ഉണ്ടാകാനിടയുണ്ട്. കൂടിയ നിരക്കിൽ പവർ എക്ചേഞ്ച് വഴി വൈദ്യുതി എത്തിക്കാനും പ്രയാസമാണ്. ഇതോടെയാണ് കെഎസ്ഇബി ഹ്രസ്വകാല കരാറുകളിൽ ഏർപ്പെടുന്നത്.
ആറുമാസത്തേക്ക് കുറഞ്ഞ നിരക്കിൽ പ്രതിമാസം 200 മുതൽ 695 മെഗാവാട്ട് വരെ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറുകൾക്ക് വൈദ്യുതി റഗുലേറ്ററി കമീഷൻ കഴിഞ്ഞ ദിവസം അംഗീകാരം നൽകിയിരുന്നു.
കരാർ പ്രകാരം ഓരോമാസവും വിവിധ സ്ഥാപനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങും. അഞ്ചു രൂപയ്ക്ക് മുകളിൽ നൽകിയാണ് കെഎസ്ഇബി പല ഹ്രസ്വകാല കരാറുകളിലും ഏർപ്പെട്ടിരിക്കുന്നത്.