കാൻപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലും കളി തുടങ്ങാൻ വൈകുന്നു. മഴ മാറിയെങ്കിലും ഫീൽഡ് നനഞ്ഞിരിക്കുന്നതാണ് മൽസരം വൈകിപ്പിക്കുന്നത്. അമ്പയര്‍മാരുടെ പരിശോന കഴിഞ്ഞാല്‍ മാത്രമേ മൽസരം എപ്പോൾ തുടങ്ങാനാകൂവെന്ന് അറിയാൻ സാധിക്കൂ. ഇന്നലെ മഴയെ തുടർന്ന് രണ്ടാം ദിനത്തിലെ കളി ഉപേക്ഷിച്ചിരുന്നു.
മത്സരത്തിന്റെ ആദ്യ ദിവസവും 35 ഓവറിനുശേഷം മഴയെ തുടർന്ന് കളി മതിയാക്കിയിരുന്നു. ആദ്യ ദിനം ടോസ് നേടിയ ഇന്ത്യ ബംഗ്ലാദേശിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 107 റൺസാണ് നേടിയത്. 40 റൺസുമായി മോമിനുൽ ഹഖും 6 റൺസുമായി മുഷ്ഫിഖുർ റഹിമുമാണ് ക്രീസിൽ. ഇന്ത്യയ്ക്കായി പേസർ ആകാശ് ദീപ് 2 വിക്കറ്റും സ്പിന്നർ ആർ.അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ മത്സരത്തിലെ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് കാൻപൂരിൽ ഇന്ത്യൻ പട കളത്തിലിറങ്ങുന്നത്. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ 280 റൺസിനാണ് ഇന്ത്യ സന്ദർശകരെ തകർത്തത്. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ സമനില നേടാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്.