കാൻപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനത്തിലും വില്ലനായി മഴ. രണ്ടാം ദിവസവും മഴ കാരണം ഇതുവരെ കളി തുടങ്ങാൻ കഴിഞ്ഞിട്ടില്ല. കാൻപൂരിലെ ഗ്രീൻ പാർക് സ്റ്റേഡിയത്തിലാണ് മത്സരം. മത്സരത്തിന്റെ ആദ്യ ദിവസവും 35 ഓവറിനുശേഷം മഴയെ തുടർന്ന് കളി മതിയാക്കിയിരുന്നു.
മഴ കാരണം രണ്ടാം ദിവസത്തെ കളിയും ഉപേക്ഷിക്കേണ്ടി വരുമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ഇരുടീമിലെ കളിക്കാരും ഹോട്ടലിലേക്ക് മടങ്ങിയതായാണ് വിവരം. തുടർച്ചയായി മഴ പെയ്താൽ കളി ഉപേക്ഷിക്കാതെ മറ്റു വഴിയുണ്ടാകില്ല. രണ്ടാം ദിനത്തിന്റെ ആദ്യ ദിനത്തിൽ 35 ഓവർ മാത്രമാണ് കളിക്കാനായത്.
ആദ്യ ദിനം കളി നിർത്തുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് 107 റൺസാണ് നേടിയത്. 40 റൺസുമായി മോമിനുൽ ഹഖും 6 റൺസുമായി മുഷ്ഫിഖുർ റഹിമുമാണ് ക്രീസിൽ. ഇന്ത്യയ്ക്കായി പേസർ ആകാശ് ദീപ് 2 വിക്കറ്റും സ്പിന്നർ ആർ.അശ്വിൻ ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ മത്സരത്തിലെ മിന്നും വിജയത്തിന്റെ ആത്മവിശ്വാസത്തോടെയാണ് കാൺപൂരിൽ ഇന്ത്യൻ പട കളത്തിലിറങ്ങുന്നത്. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ 280 റൺസിനാണ് ഇന്ത്യ സന്ദർശകരെ തകർത്തത്. രണ്ടാം ടെസ്റ്റ് വിജയിച്ച് പരമ്പരയിൽ സമനില നേടാമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്.